യുഡിഎഫ് സർക്കാർ പൂർത്തിയാക്കിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നാളെ പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നാളെ ധാരണാപത്രം ഒപ്പുവെച്ച് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എം.ഡി ബിജു പ്രഭാകറും കെ.റ്റി.ഡി.എഫ്.സിക്ക് വേണ്ടി ഡോ: ബി. അശോകും ആലിഫ് ബിൽഡേഴ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ച് കൈമാറും.
മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സിയാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 75 കോടി രൂപ ചെലവിലുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം 2009ൽ ആരംഭിച്ച് 2015ൽ പൂർത്തിയായിരുന്നു. എന്നാൽ, കരാറടിസ്ഥാനത്തിൽ 30 വർഷത്തേക്ക് വാടകയ്ക്ക് നൽകാനുള്ള നടപടികൾ 2015 ൽ ആരംഭിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാത്തതു കാരണം കരാർ ഒപ്പുവെച്ച് ടെർമിനൽ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിരുന്നില്ല.
ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെർമിനലുകൾ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിച്ച് യാത്രക്കാർക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment