കോവിഡ് നമ്മെ പഠിപ്പിക്കുന്നത്‌

ഡോ.രോഹിത് ചെന്നിത്തല . എം ബി ബി എസ്, എം ഡി


കോവിഡ് ലക്ഷണങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് പനി, ശരീരവേദന, തലവേദന, രുചിയും മണവും നഷ്ടപ്പെടുക, ശ്വാസതടസം മുതലായവ ആണെങ്കിലും പലപ്പോഴും പ്രവചനാതീതമായ മറ്റു ചില ലക്ഷണങ്ങളും കോവിഡ് രോഗിയില്‍ കാണാന്‍ സാധിക്കും എന്നുള്ളത് വളരെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന ശരാശരി സമയമായ 14 ദിവസത്തിന് ശേഷവും രോഗികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ തുടരുന്നതായി ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. കോവിഡ് ഭേദമായതിനു ശേഷം 6 മാസം മുതല്‍ 1 വര്‍ഷം വരെ ഈ ലക്ഷണങ്ങള്‍ തുടര്‍ന്നേക്കാം. ഇതിനെയാണ് ലോങ്ങ് കോവിഡ് എന്ന് പറയുന്നത്. ഐസിഎംആര്‍ നിര്‍ദേശപ്രകാരം കോവിഡ് നെഗറ്റീവ് ആയതിനു ശേഷം 4 മുതല്‍ 12 ആഴ്ച വരെ ലക്ഷണങ്ങള്‍ തുടരുമെങ്കില്‍ അതിനെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആയി കണക്കാക്കേണ്ടേതാണ്. 12 ആഴ്ച കഴിഞ്ഞും ലക്ഷണങ്ങള്‍ തുടരുന്ന പക്ഷം രോഗി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയനാകണം. അതില്‍ പോസിറ്റീവ് ആണെങ്കില്‍ വീണ്ടും കോവിഡ് ബാധിതന്‍ ആയെന്നും നെഗറ്റിവ് ആണെങ്കില്‍ അതിനെ ലോങ്ങ് കോവിഡ് എന്നും കണക്കാക്കാം.

കോവിഡിന്റെ 2 പ്രധാന പത്തോജനിക് മെക്കാനിസം
1) വീക്കം (inflammation)
മുറിവിനെയോ അണുബാധയെയോ ശരീരം സ്വാഭാവികമായി പ്രതികരിക്കുന്ന ഒരു മാര്‍ഗം ആണ് ഇത്. കോവിഡ് വൈറസ് ബാധിച്ച അവയവങ്ങളിലും ഇത് ഉണ്ടാവും.


2) ത്രോംബോസിസ്
ഒരു foriegn body യുടെ സാന്നിധ്യത്തില്‍ ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയെയാണ് thrombosis എന്ന് അര്‍ത്ഥമാക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍ ഹൃദയ സംബന്ധമായ തകരാറുകള്‍, ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ, പക്ഷാഘാതം, വ്യക്ക തകരാര്‍ മുതലായവയിലേക്ക് ഇത് നയിച്ചേക്കാം. കിടപ്പ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, പ്രായമായവര്‍, മുമ്പ് രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളവരില്‍ ആണ് ഇതിനു കൂടുതല്‍ സാധ്യത. കൈകളിലും കാലുകളിലും രക്തം കട്ടപിടിത്തമുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കോവിഡ് കൂടുതലായി ബാധിക്കുന്ന അവയവങ്ങള്‍;
ശ്വാസകോശം
കോവിഡ് രോഗികളില്‍ ന്യൂമോണിയ, ഓക്സിജൻ ന്റെ നില താഴുന്ന ഹൈപോക്‌സിയ എന്നിവ ശ്വാസകോശത്തെ സാരമായി ബാധിക്കുന്നു. കോവിഡിന് ശേഷം ശ്വാസകോശത്തില്‍ പെർമെനന്റ് ഫൈബ്രോസിസ് (ശ്വാസം കിട്ടാതെ വരിക, ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുക) എന്നിവ കണ്ടുവരുന്നു. 60 വയസിനുമേല്‍ പ്രായമുള്ളവര്‍, പുകവലിക്കുന്നവര്‍, മദ്യപാനികള്‍, ദീര്‍ഘകാലമായി ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരിലെല്ലാം ലങ് ഫൈബ്രോസിസ് ബാധിക്കാന്‍ വളരെയധികം സാധ്യത കൂടുതലാണ്.
ഹൃദയം
കോവിഡ് ഭേദമായതിനുശേഷവും കാർഡിയാക് മസിൽസ് ന് ഉണ്ടാകുന്ന വീക്കം ഒരു പ്രധാന വെല്ലുവിളിയാണ്. ചെറിയതോതില്‍ പ്ലേക് ഫോര്‍മേഷന്‍ ഉള്ളവര്‍ക്കും സാധാരണ ജീവിതം സാധ്യമാണ്. എന്നാല്‍ plaque blocking vessels 50-70% വരെ ആകുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. കോവിഡ് മൂലം ഹൃദയ പേശികളിലെ വീക്കം മൂലം ഈ plaque ruptureആകുന്നതായി പഠനങ്ങള്‍ പറയുന്നു.
വൃക്ക
തീവ്രമായ വൃക്ക രോഗം ഉള്ളവരില്‍ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുന്ന കോവിഡ്, വൃക്ക മാറ്റിവെച്ചവരില്‍ വളരെയധികം അപകടകാരി ആകാം. ഇവര്‍ രോഗമുക്തരാകാന്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. മറ്റുചിലരില്‍ കോവിഡ് ചികിത്സ നിമിത്തം എടുക്കുന്ന മരുന്നുകള്‍ കാരണം വൃക്കരോഗം പിടിപെട്ടേക്കാം. കൃത്യസമയത് മരുന്നുകള്‍ നിര്‍ത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ ആവുകയും ചെയ്യുന്നു.
തലച്ചോര്‍
രക്തം കട്ടപിടിക്കുന്നതിലൂടെ പക്ഷാഘാതം, ഞരമ്പ് സംബന്ധമായ തകരാറുകള്‍ മുതലായവ ഉണ്ടാകാം. Brain fog എന്നത് ലോങ്ങ് കോവിഡ് ഉള്ളവരില്‍ പ്രത്യേകിച്ചു കുട്ടികളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. ദിവസങ്ങളോളം ശരിയായി ചിന്തിക്കാന്‍ കഴിയതെ വരുന്നുവെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായി മാറുന്നതാണ്. കോവിഡിന്റെ തീവ്രത അല്ലെങ്കില്‍ മേല്പറഞ്ഞ ലോങ്ങ് കോവിഡിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലാക്കാനായി നിരവധി ലഘുവായ രക്ത പരിശോധനകള്‍ നിലവില്‍ ലഭ്യമാണ്. ഒരു വിദഗ്ധന്റെ നിര്‍ദേശപ്രകാരം ഇവ നടത്തി തീവ്രത മനസിലാക്കാവുന്നതാണ്. ശരീരത്തില്‍ വീക്കം ഉണ്ടോ എന്ന് അറിയാന്‍ CRP ടെസ്റ്റ് സഹായിക്കും. D-DIMER ടെസ്റ്റ് രക്തം കട്ടപിടിക്കാനുള്ള സാധ്യത അറിയാനും Secondary infection ഉണ്ടോ എന്ന് അറിയാന്‍ CBC ടെസ്റ്റും, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സാധാരണരീതിയില്‍ ആണോ എന്ന് അറിയാന്‍ Routine LFT-RFT ടെസ്റ്റും ഉപകരിക്കും. കോവിഡിന് ശേഷമുള്ള അനുയോജ്യമായ ഭക്ഷണ ക്രമീകരണം പ്രതിരോധ ശേഷിയും പോഷകങ്ങളും ഉറപ്പ് നല്‍കുന്നതാവണം. Protein rich foods വൃക്ക രോഗികള്‍ ഒരു വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ സൂപ്പ്, ഫ്രഷ് ജ്യൂസ്, വെള്ളം, iron ലഭ്യതയ്ക്കുള്ള സീസണല്‍ ഫ്രുട്ട്‌സ്, കാത്സ്യം ലഭ്യതയ്ക്കുള്ള പാൽ ഉല്പന്നങ്ങള്‍, ഡ്രൈ ഫ്രുട്ട്‌സ് എന്നിവ കഴിക്കേണ്ടതാണ്. അമിത മധുരവും ഫാസ്റ്റ് ഫുഡ്‌സും ഒഴിവാക്കുക. ലോങ്ങ് കോവിഡ് ഉള്ളവര്‍ വളരെ ശ്രദ്ധിക്കുക. ഉയര്‍ന്ന കായികാധ്വാനം വേണ്ട പ്രവൃത്തികളില്‍ ഉടനെ ഏര്‍പ്പെടാതിരിക്കണം. എന്നാല്‍ 5-6 മാസങ്ങള്‍ക്കൊണ്ട് പതുക്കെ പഴയ ജീവിതരീതിയിലേക്ക് മടങ്ങി പോകാവുന്നതാണ്. അനിശ്ചിതത്വം നിറഞ്ഞ ഈ കാലയളവില്‍ അസാധാരണമായ പലതും നമുക്ക് ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ ഇത് നിലനില്‍പ്പിന് കൂടിയേ തീരു.’ only slow and steady wins the race എന്നത് ലോങ്ങ് കോവിഡിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്.

Related posts

Leave a Comment