കോവിഡ് ബാധിതരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന ഡോസിലുള്ള മരുന്ന് നല്‍കിയതായി പരാതി

മഞ്ചേരി: കോവിഡ് ബാധിതരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന ഡോസിലുള്ള മരുന്ന് നല്‍കിയതായി പരാതി. മഞ്ചേരി കരുവമ്പ്രം തറമ്മല്‍ വീട്ടില്‍ മന്‍സൂറലി ഹസനത്ത് ദമ്പതികളുടെ രണ്ടും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ അളവിലുള്ള ഗുളിക നല്‍കിയത്. കൊവിഡ് പരിശോധനക്കെത്തിയ രക്ഷിതാക്കള്‍ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് മരുന്ന് നല്‍കിയത്. ചെറിയ കുട്ടി ഗുളിക കഴിക്കാന്‍ വിസമ്മതിച്ചതോടെ ഇതിന് ബദലായുള്ള മരുന്ന് വാങ്ങാന്‍ മഞ്ചേരിയിലെ മരുന്ന് ഷോപ്പില്‍ എത്തിയതോടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അളവില്‍ തന്നെയാണ് കുട്ടികള്‍ക്കും ഗുളിക നല്‍കിയതെന്ന് അറിഞ്ഞത്. സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥക്കെതിരെ മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധവുമായെത്തി. മരുന്ന് എഴുതിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സൂപ്രന്റ് ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി. കുട്ടികളുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന ആശുപത്രി അധികൃതരുടെ തെറ്റായ നടപടിക്കെതിരെ പരാതി പറഞ്ഞിട്ടും നിസംഗത മനോഭാവമാണ് സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്ന് ഡി.എം.ഒ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കും. നടപടി ഇല്ലെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. കുത്തിയിരിപ്പ് സമരത്തിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷബീര്‍ കുരിക്കള്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി ഇ.കെ അന്‍ഷിദ്, ഷൈജല്‍ ഏരിക്കുന്നന്‍, ഫൈസല്‍ പാലായി, അത്തര്‍ സാലിഹ്, ആസിഫ് മേലാക്കം, ഹസീബ് നറുകര, മുനവര്‍ പാലായി, അഭിലാഷ് മേലാക്കം, റിനോ കൂര്യന്‍, ശ്യാംജിത്ത് പാലായി നേതൃത്വം നല്‍കി

Related posts

Leave a Comment