കോവിഡ് ; കേരളത്തിലെ മരണനിരക്ക് റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: കോവിഡിന്റെ വിനാശകരമായ രണ്ടാം തരംഗമുണ്ടായ ഈ വര്‍ഷം, കേരളത്തിലെ എല്ലാ കാരണങ്ങളും കൊണ്ടുള്ള മരണനിരക്ക് റെക്കോര്‍ഡിലെത്താന്‍ സാധ്യത.സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് 2021 ജനുവരി മുതല്‍ ജൂണ്‍ വരെ രേഖപ്പെടുത്തിയത്.ഈ വര്‍ഷത്തെ ആദ്യ ആറ് മാസം എല്ലാ കാരണങ്ങളും കൊണ്ടുള്ള 1,55,520 മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിലായിരുന്ന 2020 ലെ കണക്കിനെ (1,15,081 മരണം) അപേക്ഷിച്ച്‌ 35 ശതമാനത്തിന്റെ വര്‍ധനവാണിത്. കോവിഡിനു മുന്‍പുള്ള, 2019ലെ ആദ്യ ആറ് മാസത്തെ കണക്കിനെ (1,28,667 മരണങ്ങള്‍) അപേക്ഷിച്ച്‌ 21 ശതമാനം കൂടുതലുമാണിത്.

ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരു വര്‍ഷം സംഭവിച്ച മൊത്തം മരണങ്ങളുടെ എണ്ണമാണ് എല്ലാ കാരണങ്ങളാലും ഉള്ള മരണനിരക്ക്.ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ കുത്തനെ വര്‍ധനവുണ്ടായതായി സംസ്ഥാനത്തെ ജനന-മരണങ്ങളുടെ ചീഫ് രജിസ്ട്രാറില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നു.ജൂണിലാണ് സമീപ വര്‍ഷങ്ങളില്‍ മരണനിരക്ക് ഏറ്റവും മോശമായത്. സംസ്ഥാനത്ത് 32,501 മരണമാണ് ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020 ജൂണില്‍ 20,640 ഉം 2019ല്‍ 20,642 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതിനേക്കാള്‍ 57 ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്.

ഈ വര്‍ഷം മേയില്‍ 28,684 മരണം രേഖപ്പെടുത്തി. 2020 മേയിലേക്കാള്‍ 33.4 ശതമാനം (21,488 മരണങ്ങള്‍) വര്‍ധനവ്. 2019ല്‍ രേഖപ്പെടുത്തിയ 22,984 മരണങ്ങളെ അപേക്ഷിച്ച്‌ 24.8 ശതമാനത്തിന്റെ വര്‍ധനവാണിത്.സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തതും ഈ രണ്ട് മാസങ്ങളിലാണ്. പ്രതിദിനം 150-200 മരണം. മേയ് ഒന്ന് മുതല്‍ ജൂലൈ ഒന്ന് വരെ 7,927 കോവിഡ് മരണം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ് പിന്നീട് ഉള്‍പ്പെടുത്തിയ കോവിഡ് മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.നേരത്തെ, ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടര്‍മാരുടെ സംഘം നടത്തിയ അന്വേഷണത്തില്‍ രാജ്യത്തുടനീളമുള്ള ഔദ്യോഗിക കൊവിഡ് മരണങ്ങളില്‍ കുറവ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മരണം കണക്കാക്കുന്ന രീതി അനുസരിച്ച്‌, ചുരുങ്ങിയത് ഒരു വര്‍ഷത്തിനുള്ളില്‍ അത് എത്രയാണെന്ന് കൃത്യമായി കണക്കാക്കാനാകും.

കേരളത്തില്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കാരണങ്ങളാലുമുള്ള മരണങ്ങളില്‍നിന്ന് ഔദ്യോഗിക കോവിഡ് മരണങ്ങള്‍ ഒഴിവാക്കിയ ശേഷവും 2019 ലെ ഇതേ കാലയളവിലെ കണക്കുകളുടെ 1.23 മടങ്ങ് മരണം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചത്.കോവിഡിന്റെ തുടക്കം മുതല്‍ ഡിസംബര്‍ എട്ടു വരെ, കേരളത്തില്‍ ആകെ 41,831 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അപേക്ഷകളിലൂടെ 12,161 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ മരണങ്ങളില്‍ ലോക്ക്ഡൗണ്‍ സ്വാധീനം പ്രകടമായിരുന്നു. 2020 മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ യഥാക്രമം 16,176, 13,338 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഇതേ മാസങ്ങളില്‍ ഇത് യഥാക്രമം 24,632, 21,231 എന്നിങ്ങനെ ഉയര്‍ന്നു.

Related posts

Leave a Comment