കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,030 പേര്‍ക്ക് രോഗബാധ 1,624 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,030 പേര്‍ക്ക് രോഗബാധ
1,624 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.79 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,968 പേര്‍ക്ക്
ആരോഗ്യ പ്രവര്‍ത്തകര്‍ 06
29 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 18,321 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 49,623 പേര്‍

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ജൂലൈ 14) 2,030 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,624 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്മുക്തരായവരുടെ എണ്ണം 3,40,541 ആയി.

ബുധനാഴ്ച രോഗബാധിതരായവരില്‍ 1,968 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 29 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 49,623 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയിലിപ്പോള്‍ 18,321 കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 610 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 321 പേരും 129 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 541 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,334 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രോഗ വ്യാപനത്തിന്റെ സാധ്യത ചെറുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related posts

Leave a Comment