19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം
2,684 പേര്‍ക്ക് വൈറസ് ബാധ; 2,467 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 02
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31
രോഗബാധിതരായി ചികിത്സയില്‍ 20,244 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 62,940 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം രേഖപ്പെടുത്തി. 2,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച 2,467 പേര്‍ രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 3,62,790 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധയുണ്ടായത്. 31 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 42 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,940 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,244 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 704 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 372 പേരും 137 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 465 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,459 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

കോവിഡ് വ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. രോഗ വ്യാപന നിരക്ക് പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related posts

Leave a Comment