കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം 1,640 പേര്‍ക്ക് വൈറസ് ബാധ; 1,535 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം
1,640 പേര്‍ക്ക് വൈറസ് ബാധ; 1,535 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,591 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 02
ഉറവിടമറിയാതെ 21 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 13,765 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 33,473 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ മൂന്ന്) കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,26,061 പേരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,591 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 21 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 26 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 33,473 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 13,765 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 597 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 256 പേരും 138 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 417 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,197 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related posts

Leave a Comment