കൊവിഡ് ചികിത്സയിലിരിക്കെ ആംബുലൻസ് ഡ്രൈവറുമായി പ്രണയം: യുവാവ് പിന്മാറിയതോടെ പെൺകുട്ടി ജീവനൊടുക്കി

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കിടെ ആംബുലൻസ് ഡ്രൈവറുമായി പ്രണയത്തിലായ പെൺകുട്ടി യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ ജീവനൊടുക്കി. കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വിഎസ് മൻസിലിൽ എ ഷാജഹാൻ സബീന ബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് ആത്മഹത്യ ചെയ്തത്. മുളമന വിഎച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ആംബുലൻസ് ഡ്രൈവറായ പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് പെൺകുട്ടി ജിഷ്ണുവിനെ പരിചയപ്പെട്ടത്. ജിഷ്ണു പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതോടെയാണ് ആൽഫിയ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ജിഷ്ണുവിന് ആൽഫിയ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.

ഇതിനിടെ ഛർദ്ദിയും ക്ഷീണവും മൂലം അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയിരുന്നെങ്കിലും വിഷം കഴിച്ച വിവരം പറഞ്ഞിരുന്നില്ല. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്‌കൂളിൽ പരീക്ഷ എഴുതാനും എത്തി. മാതാപിതാക്കൾ നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ് അൽഫിയ വിഷം കഴിച്ച വിവരം അറിഞ്ഞത്. വൈകാതെ മരണം സംഭവിച്ചു.

Related posts

Leave a Comment