കോവിഡും മസ്തിഷാഘാതവും; മരണത്തെ മുന്നില്‍ക്കണ്ട രാം നരേഷിന് വിവി എക്‌മോയിലൂടെ പുനര്‍ജന്മം

കൊച്ചി: കോവിഡ് ന്യുമോണിയയെത്തുടർന്ന് ശ്വാസകോശത്തിന് തകരാറും മസ്തിഷ്കാഘാതവുമായി മരണത്തെ മുന്നിൽക്കണ്ട രാം നരേഷ് എന്ന 34കാരന് വിവി എക്‌മോ എന്ന ആധുനിക മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് സിസ്റ്റത്തിലൂടെ (എംസിഎസ്) പുതു ജീവൻ. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കാറായ രാം നരേഷിനെ തലച്ചോറിനുള്ളിൽ കടുത്ത രക്തസ്രാവവുമായാണ് തിരുവനന്തപുരത്തു നിന്ന് പ്രത്യേകവിമാനത്തിൽ ജൂൺ 13-ന് കൊച്ചി വിപിഎസ് ലേക്ക്‌ഷോറിലെത്തിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയും ഐടി പ്രൊഫഷനലുമായ രാം നരേഷ് 82 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം സെപ്തംബർ ഒന്നിന് ഡിസ്ചാർജ് ആയി.

കോവിഡിനു പുറമെ ന്യൂമോതൊറാക്‌സ് (ശ്വാസകോശത്തിലെ തകരാർ), ന്യൂമോപെരികാർഡിയം (ഹൃദ്ദയ തകരാർ), മസ്തിഷ്‌കാഘാതം എന്നീ ഗുരുതരമായ രോഗാവസ്ഥകളും രാം നരേഷിനെ ബാധിച്ചിരുന്നു. കോവിഡ്ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ ഒരു എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന രോഗിയ്ക്ക് ന്യൂമോണിയയും കടുത്ത ശ്വാസതടസവും ഉണ്ടായി. അതേത്തുടർന്ന് തിരുവനന്തപുരത്തു വെച്ചു തന്നെ വെന്റിലേറ്റർ സപ്പോർട്ടിലാക്കി. എന്നാൽ കടുത്ത കോവിഡ്എ-ആർഡിസ് ബാധിച്ച് ഓക്‌സിജൻ നില ഗുരുതരമായി താഴ്ന്ന രാം നരേഷിന് വെന്റിലേറ്ററിലിരിക്കെ നിരവധി പ്രാവശ്യം അപസ്മാരം പിടിപെട്ടതും മറ്റ് സങ്കീർണതകൾ ഉണ്ടായതും ജീവന് വെല്ലുവിളിയായി. ഇതേത്തുടർന്നാണ് ജീവൻ നിലനിർത്താൻ എക്‌മോ മാത്രമേ പോംവഴിയുള്ളു എന്ന സ്ഥിതിയായത്. ഉടൻ തന്നെ ഒരു മൊബൈൽ എക്‌മോ യൂണിറ്റ് തിരുവനന്തപുരത്തെത്തിച്ച് അതിന്റെ സഹായത്തോടെയാണ് രോഗിയെ കൊച്ചിയിലേയ്ക്ക് വിമാനത്തിൽ കൊണ്ടുവന്നത്.

മസ്തിഷ്‌കാഘാതം വന്ന രോഗിയെ എക്‌മോ സപ്പോർട്ടിലേക്ക് മാറ്റുക എന്നത് വലിയ അപകടസാധ്യതയുള്ള കാര്യമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ വിപിഎസ് ലേക്ക്‌ഷോർ കാർഡിയാക് സർജൻ ഡോ. സുജിത് ഡി എസ് പറഞ്ഞു. ‘മറ്റ് പോംവഴി ഇല്ലാത്തതിനാൽ ആ റിസ്‌ക്കെടുത്ത്, ബന്ധുക്കളുടെ അനുമതി വാങ്ങി. തലച്ചോറിൽ രക്തസ്രാവം ഉള്ളതിനാൽ ഞങ്ങൾ അദ്ദേഹത്തെ ഹെപാരിൻ ഫ്രീ വിവി എക്‌മോയിലാക്കി. രോഗിയുടെ പ്രതികരണം മെല്ലെയായിരുന്നു. എന്തായാലും കൃത്യമായ ചികിത്സയിലൂടെ അദ്ദേഹം അപകടനില തരണം ചെയ്തു,’ ഡോ. സുജിത് വിശദീകരിച്ചു.

ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ രോഗിയ്ക്ക് പിന്തുണ നൽകുന്ന അതിനൂതന സപ്പോർട്ട് സിസ്റ്റമാണ് വിവി എക്‌മോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിനോ-വെനസ് എക്‌സ്ട്രാകോർപ്പറൽ മെംബ്രേയ്ൻ ഓക്‌സിജനേഷനെന്ന് ഡോ. സുജിത് പറഞ്ഞു. ‘ഈ കോവിഡ് കാലത്ത് ഇത് ഒട്ടേറെ ജീവനുകൾ രക്ഷിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

56 ദിവസത്തിനു ശേഷം വിവി എക്‌മോയുടെ സഹായമില്ലാതെ രോഗിക്ക് ശ്വസിക്കാമെന്നായി. 15 ദിവസം കൂടി വെന്റിലേറ്റർ സപ്പോർട്ട് തുടർന്നു. രണ്ടാഴ്ച കൂടി നീണ്ട ചികിത്സയ്ക്ക് ശേഷം നരേഷ് ഇന്ന് ഡിസ്ചാർജ് ആയി.

“രക്ഷപ്പെടുമെന്ന് കരുതിയതല്ല. ഇവിടെ ലഭിച്ച പരിചരണവും ചികിത്സയുമാണ് ഇപ്പോൾ എന്റെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. എല്ലാ ഡോക്ടര്മാരോടും നേഴ്സുമാരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. കൃത്യ സമയത്തു അവനു ചികിത്സ കൊടുക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്”, രാം നരേഷിൻറെ സഹോദരി ശ്രീലക്ഷ്മി പറഞ്ഞു.
ഡോ. സുജിത്തിനെക്കൂടാതെ കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ എം എസ് നെഭു, ചീഫ് പെർഫ്യൂഷനിസ്റ്റ് സുരേഷ് ജി, പെർഫ്യൂഷനിസ്റ്റ് ജിയോ, കാർഡിയാക് സർജറി ഐസിയു ഇൻ-ചാർജ് ബിജി തുടങ്ങിയവരാണ് രാം നരേഷിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

Related posts

Leave a Comment