യുഡിഎഫ് ഒരുക്കിയ ചികിത്സാ സൗകര്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

  • കോന്നി മെഡിക്കല്‍ കോളെജിലെ അത്യാഹിത വിഭാഗം, ഐപി വിഭാഗങ്ങള്‍ തുറന്നില്ല

കൊല്ലം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു സംസ്ഥാനത്തു തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പലതും കഴിഞ്ഞ ആറുവര്‍ഷത്തെ പിണറായി ഭരണത്തില്‍ താറുമാറായി. പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളാണ് സൗകര്യങ്ങളൊന്നുമില്ലാതെ കോവിഡ് കാലത്തു പോലും നോക്കുകുത്തിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങി, പ്രവര്‍ത്തന സജ്ജമായ കോന്നി മെഡിക്കല്‍ കോളെജില്‍ ഈ മാസം പതിനൊന്നിന് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ പേരിനു മാത്രമുള്ള ഒപി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് കാലത്തു തുടങ്ങിയ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ അവസ്ഥയും ഇതാണ്.

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പറയുന്നത്. കൊവിഡ്, നിപ പ്രതിരോധ പ്രവ‍ർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ തിരിച്ചതോടെയാണ് നടപടികൾ വൈകുന്നത്. ഡോക്ടർമാരടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായിട്ടില്ല

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോന്നി മെഡിക്കൽ കോളജ് വികസനമായിരുന്നു ആദ്യ പിണറായി സർക്കാർ മുന്നോട്ട് വച്ച പ്രധാന അജണ്ട. അതിനായി ആശുപത്രി സന്ദർശനം , അവലോകന യോ​ഗം ഒക്കെയായി തിരക്കിട്ട പരിപരാടികൾ. എന്നാൽ ആ വേഗത കോന്നി മെഡിക്കൽ കോളേജ് വികസനത്തിൽ ഇപ്പോഴില്ല. സെപ്റ്റംബർ 11 ന് അത്യാഹിത വിഭാഗവും ഐസിയു ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനവും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗകര്യങ്ങൾ ഒരുക്കുന്നത് എങ്ങും എത്തിയില്ല. ഐസിയു വിഭാഗത്തിലെ കിടക്കകൾ മാത്രമാണ് സജീകരിച്ചിട്ടുള്ളത്. മൈനർ ഓപ്പറേഷൻ തിയറ്റർ പോലും സജ്ജമല്ല. നിലവിലെ സൗകര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത് ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഓപി പ്രവർത്തനത്തിന് പിന്നാലെ കിടത്തി ചികിത്സ തുടങ്ങുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു

അത്യാഹിത വിഭാഗം പ്രവർത്തനത്തിന് മുന്നോടിയായി 10 ജൂനിയർ റസിഡന്റ്, 18 സീനിയർ റെസിഡന്റ് എട്ട് അധ്യാപകർ എന്നി തസ്തികകളിൽ നിയമനം ആവശ്യപ്പെട്ടിരുന്നു. ഇതിലും അന്തിമന തീരുമാനം ആയിട്ടില്ല. മെഡിക്കൽ കൗൺസിലിന്‍റെ അനുമതി ലഭിച്ചാൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ തുടങ്ങാം. എന്നാൽ പാരിസ്ഥിതിക അനുമതി കിട്ടാത്തതിനാൽ അക്കാദമിക് വിഭാഗത്തിന്‍റെ പൂർത്തീകരണം, ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ എന്നിവയുടെ നിർമ്മാണവും പാതിവഴിയിലാണ്.

കോവിഡ് അനന്തര ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എന്നാണ് ഇടതു മുന്നമി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഴിച്ചു വിട്ട നുണ പ്രചാരണം. കോവിഡ് രോഗികള്‍ക്കുള്ള പ്രാഥമിക ചികിത്സയ്ക്കു പോലും ശേഷിയില്ലാതെ വിഷമിക്കുകയാണ് കോടികള്‍ മുടക്കി നിര്‍മിത്ത കെട്ടിട സമുച്ചയം. ഭാര്‍ഗവീ നിലയം പോലുള്ള ഈ സ്ഥാപനം എന്നത്തേക്കു പ്രവര്‍ത്തനം തുടങ്ങുമെന്നു പറയാന്‍ ഇപ്പോള്‍ ഇടതുമുന്നണിയോ, കോന്നിയിലെ എംഎല്‍എയോ തയാറല്ല.

Related posts

Leave a Comment