അക്ഷരമുത്തശ്ശി യാത്രയായി ; പത്താംതരം പഠനമോഹം ബാക്കിയാക്കി

കൊല്ലം: പ്രായം ചെന്ന വിദ്യാർത്ഥിനിയും, ഭാരതനാരീശക്തി പുരസ്കാര ജേതാവുമായ പ്രാക്കുളം നന്ദ് ധാമിൽ ഭാഗീരഥി അമ്മ (107) അന്തരിച്ചു.പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥി അമ്മയുടെ മുപ്പതു വർഷങ്ങൾ നീണ്ട സംപൂർണ്ണ സാക്ഷരതാ യജ്ഞം മുതലുള്ള പഠനം നാലാംതരം തുല്യതാ പരീക്ഷയിലെ മിന്നുന്ന വിജയത്തോടെയാണ് ” ടൈംസ് ഓഫ് ഇന്ത്യയിലെ “രവീന്ദ്രനാഥിൻ്റെ റിപ്പോർട്ടോടെ ലോകം അറിഞ്ഞത് .തുടർന്ന് മാധ്യമ ലോകം ആകെ ഈ അമ്മയുടെ പഠന ശ്രമങ്ങൾക്ക് പിൻതുണയും, പ്രോൽസാഹനവും നൽകി രംഗത്തു വരികയും, ജനപ്രതിനിധികളും, സാമൂഹിക-സാംസ്കാരിക പ്രവർത്തകരും അമ്മയെ വീട്ടിലെത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാഗീരഥി അമ്മയുടെ ഉറ്റ സുഹൃത്തും, അയൽക്കാരിയും ആയിരുന്ന ശാരദ ടീച്ചറുടെ മകൾ എസ്.എൻ. ഷേർളി അമ്മയുടെ അദ്ധ്യാപികയും, മകളും, സുഹൃത്തും ഒക്കെയായി ഈ കാലം മുഴുവൻ അമ്മയുടെ ഹിതമറിഞ്ഞു പഠിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ ഇളയമകൾ തങ്കമണി പിള്ളയും ഈ അമ്മയുടെ പഠനമോഹങ്ങൾക്ക് സൗകര്യമൊരുക്കി ഒപ്പം നിന്നു. തൃക്കരുവാ പഞ്ചായത്ത് ഒന്നടങ്കം ഈ വലിയ ശ്രമത്തെ പിൻതുണച്ചു കൊണ്ടേയിരുന്നു.
നാലാം തരം തുല്യതാ പരീക്ഷയിൽ എഴുപത്തി അഞ്ചു ശതമാനവും, കണക്ക് പരീക്ഷയ്ക്കു നൂറു ശതമാനവും മാർക്ക് വാങ്ങി വിജയിച്ച അമ്മയെ “മൻ കീ ബാത്തി “ലൂടെ പ്രധാനമന്ത്രി മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. ഏഴാംതരം തുല്യതാ പരീക്ഷയ്ക്കുള്ള ഓൺലൈൻ പരിശീലനം നൽകി വരികയായിരുന്നു അദ്ധ്യാപികയായ ഷേർളി.എന്നാൽ കഴിഞ്ഞ ഒരു മാസമായി നല്ല ക്ഷീണത്തിലും, അവശതയിലുമായിരുന്നു അമ്മ. രാത്രി 11.55 ന് അന്ത്യം സംഭവിച്ചു.
ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നതും, നടൻ സുരേഷ് ഗോപിയെ നേരിൽ കണ്ട് സംസാരിക്കണമെന്ന മോഹവും ബാക്കി വച്ചാണ് അമ്മലോകത്തു നിന്നും വിടവാങ്ങിയത്.

പരേതനായ രാഘവൻപിള്ളയാണ് ഭർത്താവ് . പത്മാക്ഷി അമ്മ, തുളസീധരൻ പിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥൻ പിള്ള, അമ്മിണി അമ്മ, തങ്കമണി ഏ പിള്ള എന്നിവരാണ് മക്കൾ. മരുമക്കൾ ബാലകൃഷ്ണപിള്ള, (പരേതൻ) വിജയലക്ഷ്മി അമ്മ, രാധാകൃഷ്ണപിള്ള (പരേതൻ)
മണിയമ്മ, ശ്രീധരൻ പിള്ള, ആനന്ദൻ പിള്ള (പരേതൻ)

Related posts

Leave a Comment