കൊച്ചി: ദത്തുവിവാദത്തെ തുടർന്ന് അനുപമ ചന്ദ്രന്റെ കുഞ്ഞിന്റെ കാര്യത്തിൽ കേരളം കാത്തിരുന്ന ഡിഎൻഎ പരിശോധനാ ഫലം ഒറ്റ ദിവസം കൊണ്ട് വന്നപ്പോൾ, രണ്ടര വർഷത്തിലേറെ കാത്തിരുന്നിട്ടും ഫലം വന്നിട്ടില്ലാത്ത ഒരു ഡിഎൻഎ പരിശോധനയുണ്ട്. 2019 ജൂലൈ അവസാനം മുംബൈ ബൈക്കുള ജെ.ജെ. ആശുപത്രിയിൽ നടത്തിയ ഡി എൻ എ പരിശോധന. സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാ ഫലം ആണത്.
ദുബായിലെ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനി, തന്നെ ബിനോയ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള മകനുണ്ടെന്നും കാണിച്ച് ഒഷ്വാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടികൾ. പരാതിയുടെ ആദ്യ ഘട്ടത്തിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും അതു പാളിയതോടെ യുവതി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.
അതേസമയം, യുവതിയുടേത് വ്യാജ പരാതിയാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ബിനോയ് കോടിയേരി. ഇതേ തുടർന്നാണ് കേസ് ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തു. കേസ് കോടതിയിൽ എത്തുമ്പോൾ മാത്രമായിരിക്കും ഫലം പുറംലോകമറിയുക. 2019 ൽ കേസ് പരിഗണിച്ച കോടതി പിന്നീടതു പരിഗണിക്കുന്നതു കഴിഞ്ഞ ജൂണിലേക്കു മാറ്റിയിരുന്നു. കോവിഡ് പ്രശ്നങ്ങൾ വന്നതോടെ കേസ് വീണ്ടും ഡിസംബറിലേക്കു മാറ്റി വച്ചിരിക്കുകയാണ്. ഈ ഡിസംബറിലോ അടുത്ത ജനുവരിയിലോ പരിശോധനാ ഫലം പുറത്തുവരുമെന്നാണു കരുതുന്നത്.
രണ്ടര വർഷത്തിലേറെ കാത്തിരുന്നിട്ടും ഡിഎൻഎ ഫലമില്ല. കോടിയേരി പാർട്ടി സെക്രട്ടറി ആയി തിരിച്ചെത്തി. ദൃശ്യത്തോളം സസ്പെൻസ് ആവുമോ? എന്നുള്ള ട്രോളുകൾ കൊണ്ട് വിഷയം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആവുകയാണ്.