പഴ്സണൽ സ്റ്റാഫ് വിവാദം: ആരോ​ഗ്യമന്ത്രിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ആരോ​ഗ്യ മന്ത്രിയെ തള്ളി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ പഴ്സണൽ സ്റ്റാഫ് അം​ഗം ഒരു മാസം മുൻപ് ജോലിയിൽ നിന്നു രാജി വച്ചു പോയെന്നാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങൾക്കു വേണ്ടി പോവുകയാണെന്നു പറഞ്ഞാണ് ജോലിയിൽ നിന്നു വിട്ടു നിന്നത്. ഒരു മാസമായി ഇയാൾ ജോലിക്കു വരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ, വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു തിരുത്തി. സംഭവം നടക്കുന്ന സമയത്തും അയാൾ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു. അവിഷിത്ത് കഴിഞ്ഞ ആഴ്ചയും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇയാൾക്ക് കഴിഞ്ഞ മാസത്തെ ശമ്പളവും കിട്ടി. എംപിയുടെ ഓഫീസ് ആക്രമണത്തിന്റെ പേരിൽ സിപിഎം നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ പറഞ്ഞത് ഓരോന്നും നേതാക്കൾ തിരുത്തുകയാണ്.
ആക്രമണം പാർട്ടിയുടെ അറിവോടെ ആയിരുന്നില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ പ്രതിഷേധിച്ചതിനു പകരമായി കോൺ​ഗ്രസിന്റെ സമുന്നത നേതാവിന്റെ ഓഫീസ് അടിച്ചുപൊളിക്കാൻ പാർട്ടിയിലെ ചില നേതാക്കൾ എസ്എഫ്ഐ ​ഗൂണ്ടകളെ കയറൂരി വിടുകയായിരുന്നു എന്നാണ് പിന്നീടു വ്യക്തമായത്. നാളെ തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ഉയർത്താനിരിക്കുന്ന വൻ പ്രതിഷേധത്തിന്റെ മുനയൊടിക്കാനും സഭയിലെ ചർച്ച രാഷ്‌ട്രീയത്തിലേക്കു മാത്രം ഒതുക്കാനുമായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെല്ലാം പാളി. സിപിഎം ദേശീയ നേതൃത്വം എതിർപ്പ് ശക്തമാക്കിയപ്പോഴാണ് സംസ്ഥാന നേതൃത്വം എസ്എഫ്ഐയെ തള്ളിപ്പറയാൻ തയാറായത്.
അക്രമസംഭവം അപലപനീയമാണ്. ഒരു കാരണവശാലം നടക്കരുതായിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇത്തരത്തിലൊരു പ്രതിഷേധം പാടില്ലായിരുന്നു. ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കു. ഇതെല്ലാം യു ഡി എഫിന് അനുകൂലമായി മാറുകയാണ്. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ അകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്. സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ൺ പറഞ്ഞു.

Related posts

Leave a Comment