കോടിയേരി സ്വന്തം കണ്ണിലെ കരടെടുത്തിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കോലെടുക്കാൻ: മുഹമ്മദ് ഷിയാസ്

കൊച്ചി: തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്നും ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് പോലും പണിതതെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സി പി എം ലോക്കൽ കമ്മിറ്റിയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഷാബിനും മുൻ കൗൺസിലർ കൂടിയായ സി പി എം ലോക്കൽ സെക്രട്ടറിയും മുൻ എ എക്‌സ് ഇ യും ചേർന്നാണ് തൃക്കാക്കരയിൽ പങ്ക് വച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാർ ജോലികളും ഈ മൂവർ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യു ഡി എഫ് ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇവരുടേതടക്കം 47 ഓളം കരാർ ജോലികൾ ക്യാൻസൽ ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സി പി എം കൗൺസിലർ ആയിരുന്നു.

ഡി വൈ എഫ് ഐ പ്രവർത്തകനായ ഷാബിന്റെയും ഡി വൈ എഫ് ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കണ്ണൂർ ജില്ലയിലെ അതെ രീതിയിലാണ് എറണാകുളത്തേയും ഡി വൈ എഫ് ഐയുടെയും പ്രവർത്തനം. പാർട്ടിയുടെ മറവിൽ ഇവർ നടത്തുന്ന സ്വർണ കടത്തും കുഴൽപ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുകളിൽ സി പി എമ്മിന് വേണ്ടി പണമിറക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഷാബിന് ലീഗുമായോ ലീഗിന്റെ ഏതെങ്കിലും ഘടകവുമായോ ബന്ധമോ ഭാരവാഹിത്വമോ ഇല്ല.

സ്വന്തം കണ്ണിലെ കരടെടുത്തതിന് ശേഷം മതി കോടിയേരി ബാലകൃഷ്ണൻ മറ്റുള്ളവരുടെ കണ്ണിലെ കോലെടുക്കാനെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം പിതൃത്വം ഏറ്റെടുക്കാതെ മുങ്ങിയ മകന്റെയും കര്ണാടകയിലെയും കേരളത്തിലെയും മയക്ക മരുന്ന് ഇടപാടിലെ നിർണായക കണ്ണി എന്ന് കർണാടക പോലീസ് കണ്ടെത്തിയ മറ്റൊരു മകന്റെയും കാര്യത്തിൽ തീരുമാനം എടുത്തിട്ട് മതി തൃക്കാക്കര തെരഞ്ഞെടുപ്പിൽ മുനിസിപ്പൽ വൈസ് ചെയർമാന്റെ മകന്റെ സ്വർണക്കടത്ത് ചർച്ച ചെയ്യാൻ. കോടിയേരി കുടുംബത്തിന്റെ തട്ടിപ്പുകളാണ് ആദ്യം ചർച്ച ചെയ്യെണ്ടത്. തൃക്കാക്കരയിൽ അതും തെരഞ്ഞെടുപ്പ് വിഷയമാണെന്ന് ഷിയാസ് പറഞ്ഞു.

Related posts

Leave a Comment