കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കും


പെരിന്തല്‍മണ്ണ : കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം, വനം, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നജീബ് കാന്തപുരം എം.എല്‍.എ. സന്ദര്‍ശിച്ചു. ലോക്ക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയ ഈ ടൂറിസം കേന്ദ്രം ഓഗസ്റ്റ് ഒന്ന് മുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും കൊടികുത്തി മല ടൂറിസം കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുക. ഈ ടൂറിസം കേന്ദ്രം വേഗത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൊടികുത്തി മലയില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ കൊടികുത്തി മലയും കൊണ്ട് വരും. ഡി എഫ് ഒ പ്രവീണ്‍ പി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ പത്മകുമാര്‍, ഫോറസ്റ്റ് റെയ്ഞ്ചു ഓഫീസര്‍ പി വിനു, ഡ്രാഫ്റ്റ്മാന്‍ ജയന്ത് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ചു ഓഫീസര്‍ പി രാമദാസ്, തുടങ്ങിയവര്‍ കൊടികുത്തി മല സന്ദര്‍ശിക്കാന്‍ കൂടെയുണ്ടായിരുന്നു.
ഏറെ ടൂറിസം സാധ്യതയുള്ള കൊടി കുത്തിമലയുടെ പുരോഗതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം എം.എല്‍.എ.പറഞ്ഞു.

Related posts

Leave a Comment