കേന്ദ്രസർക്കാരിന്റെ അധികാര മുഷ്കിനെ അടിയറവ് പറയിച്ച സമരം; കെ-റെയിലിനെതിരെ കേരളത്തിലും ഇത്തരം സമരങ്ങൾ ശക്തമാകും:കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തിക്കു മുന്നിൽ ഉപ്പു കുറുക്കി, സത്യാഗ്രഹം നടത്തി ത്രിവർണ്ണ പതാക ചെങ്കോട്ടയിൽ  പാറിച്ച കോൺഗ്രസിന്റെ മണ്ണാണ് ഇന്ത്യയെന്ന്  കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി. സഹനസമരങ്ങളും സത്യാഗ്രഹവും  ധർമ്മസമരവും കൊണ്ട് അധികാര മുഷ്‌കിനെ അടിയറവു പറയിച്ച സമരങ്ങളുടെ പിന്തുടർച്ചക്കാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ നിരന്തര സമരങ്ങളുടെ ഫലമാണ് പ്രധാനമന്ത്രി ജനവിരുദ്ധ കർഷക നയങ്ങളിൽ നടത്തിയ പിന്തിരിയലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഓരോ കരിനിയമവും പൗരത്വ നിയമം മുതൽ എൻആർസിയും പൊതുമേഖല വിറ്റഴിക്കലും നികുതി കൊള്ളയടിയും അടക്കം ഓരോന്നും എണ്ണിയെണ്ണി പിൻവലിപ്പിക്കും വരെ പ്രതിഷേധങ്ങളും സഹന സമരങ്ങളും തുടർന്നു കൊണ്ടേയിരിക്കും. അദാനി, അംബാനി അച്ചുതണ്ടിന്റെ പിടിയിൽ നിന്ന് ഇന്ത്യ മോചിതമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വരുന്ന തലമുറക്ക് ഈ രാജ്യത്ത് സ്വാതന്ത്ര്യത്തോടെയുള്ള അതിജീവനത്തിന് അത്യന്താപേക്ഷികമാണ് ഇത്തരം സമരങ്ങളെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. മോദിയെപ്പോലെ മുഷ്‌കും അധികാര ഹുങ്കും കാട്ടി കെ റെയിൽ പദ്ധതി നടപ്പാക്കാൻ തുനിഞ്ഞാൽ കേരളത്തിൽ കർഷകസമരത്തിന്റെ വ്യാപ്തിയിലുള്ള ജനകീയ പ്രതിഷേധം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണം. ഒടുവിൽ, മോദി തോറ്റു തൊപ്പിയിട്ടു, മുട്ട് മടക്കി നാണം കെട്ട് ഒളിച്ചോടിയതുപോലെ പിണറായി വിജയനും പോകേണ്ടിവരും. ജനകീയ സമരങ്ങളെ വിലകുറച്ചു കാണുന്ന ഓരോ ഭരണാധികാരിയെയും കാത്തിരിക്കുന്നത് പരാജയം മാത്രമാണ്. ഇന്ത്യ ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രമാണ് എന്ന ലളിതമായ  സത്യം അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന ധാരണ ഉള്ളിൽ സൂക്ഷിക്കുന്ന ഓരോ ഭരണാധികാരിയും ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment