കുട്ടനാട്ടിലെ വെള്ളപ്പൊക്കവും,പുറംബണ്ടുകളുടെ തകർച്ചയും ; കുട്ടനാട് ഡെവലപ്മെന്റ് അതോറിറ്റി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

കുട്ടനാട്ടിലെ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും ,പുറംബണ്ടുകളുടെ തകർച്ചയും, വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ കാര്യക്ഷമമായിപരിഹരിക്കാൻ വേണ്ടി പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന കുട്ടനാട് ഡെവലപ്മെന്റ് അതോറിറ്റി സ്ഥാപിക്കണമെന്നും കേന്ദ്ര ജലശക്തി വകുപ്പ് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തുകയും ഈ വിഷയത്തിന് സംയുക്തമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നും  കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.    

തുടർ പ്രളയത്തിനു ശേഷം നിരന്തരമായി ദുരിതമനുഭവിക്കുകയാണ് കുട്ടനാട് നിവാസികൾ, പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കുട്ടനാടൻ ജനതയ്ക്ക് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടാകുന്ന  അപ്രതീക്ഷിത മഴയും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള ദുരിതങ്ങളും വ്യാപക കൃഷിനാശവും ആണ് നേരിടേണ്ടിവരുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.  


ഓരോ നാല് മാസം കൂടുമ്പോഴും മഴയത്തും പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വലയുന്ന കുട്ടനാട്ടിലെ ജനത ഇന്ന് ജന്മദേശത്തു അഭയാർഥികളാകുന്ന ദയനീയ സാഹചര്യമാണുള്ളത്. ഓരോരോ പ്രകൃതി ക്ഷോഭത്തിലും കുട്ടികളും മുതിർന്നവരും രോഗികളുമുൾപ്പെടെയുള്ളവരെയും കൊണ്ട് കുടുംബങ്ങൾ ഒന്നടങ്കം റിലീഫ് ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥ ഒരു നാട്ടിലും ഇല്ല, ഇതിനു ശാശ്വതമായ പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരിന്റെ പ്രധാന  പരിഗണനയാകണമെന്നും  കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. 


യാസ് , ഡൗട്ട  ചുഴലിക്കാറ്റുകളുടെ സംഹാരതാണ്ഡവം ശമിക്കുന്നതിനു മുൻപേ വെള്ളപ്പൊക്കവും കൃഷിനാശവും മട പൊട്ടലുകളും ബണ്ടുകളുടെ തകർച്ചയും നിമിത്തം വർഷങ്ങളായി ദുരിതത്തിലാണ്  എന്നും ഇതിനു പരിഹാരം കാണാനുള്ള അതിദ്രുത നടപടികളുടെ തുടക്കമായിട്ട് കേന്ദ്രീകൃത കുട്ടനാട് ഡെവലപ്പ്മെന്റ് ഏജൻസി സ്ഥാപിക്കണമെന്നും കുട്ടനാട്ടിലെ അസാധാരണ സാഹചര്യങ്ങൾ പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും കേന്ദ്ര ജലശക്തി ഒരു വിദഗ്ദ്ധ സമിതിയെ കുട്ടനാട്ടിലേക്ക് ഉടൻ അയക്കണെമന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.   


കേരളത്തിലെ പ്രധാനപ്പെട്ട നാലു നദികളായ പമ്പ , അച്ചൻകോവിൽ,  മണിമലയാർ ,  മീനച്ചിലാർ,  എന്നിവയിലെ വെള്ളവും, പെയ്ത്തു  വെള്ളവും മഴവെള്ളവും കുട്ടനാട്ടിൽ എത്തുമ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. നദീ ജലനിർഗമനം സുഗമമാക്കാൻ വേണ്ടി തോട്ടപ്പള്ളി സ്പിൽവെയുടെ ലീഡിങ് ചാനലിന്റെ ആഴം കൂട്ടുക, വേമ്പനാട് കായലിലെ എക്കൽ നീക്കം ചെയ്യുക , എ സി കനാലിന്റെ ആഴം വർധിപ്പിക്കുക, ചെറു തോടുകളിലെ പോള നീക്കം ചെയ്യുക, നദികളിലെയും തോടുകളിലെയും ആഴം വർധിപ്പിച്ചുകൊണ്ട് നീരൊഴുക്ക് ശക്തിപ്പെടുത്തുക, ബണ്ടുകൾ പൊട്ടുന്നത് തടയാനായി ശാസ്ത്രീയമായ നിർമാണ രീതികൾ അവലംബിക്കുക,  പാടശേഖരണങ്ങളുടെ പുറം ബണ്ടുകൾ ഉയരം കൂട്ടി  ബലപ്പെടുത്തുക , പാടശേഖരങ്ങളിലെ വെള്ളം കയറുന്ന അവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊടിക്കുന്നിൽ സുരേഷ് എം പി കൊണ്ടുവന്നു.   


കേന്ദ്ര ജലശക്തി, കൃഷി വകുപ്പുകളും കേന്ദ്ര-സംസ്ഥാന സർക്കാറുകളും സംയോജിതമായി സ്വീകരിക്കുന്ന സമയബന്ധിത ശാസ്ത്രീയ   നടപടികളിലൂടെയേ കുട്ടനാടിന്റെ പ്രശ്നങ്ങൾക്ക്  പരിഹാരം കാണാനാവൂ എന്നും, കുട്ടനാടൻ ജനതയെ ദുരിതങ്ങളിൽ നിന്ന് കരകയറ്റേണ്ടത് അടിയന്തര പ്രാധാന്യമുള്ള നടപടിയാണെന്നും   കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.        കാലാവസ്ഥ വ്യതിയാനവും, കേന്ദ്ര സംസ്ഥാന പദ്ധതികളിലെ വീഴ്ചകളും പ്രകൃതി ക്ഷോഭങ്ങളുടെ ആവർത്തനവും ചേർന്ന് അധ്വാനശീലരായ ഒരു ജനതയുടെ നിലനിൽപ്പ് പോലും അപകടത്തിലാക്കിയിരിക്കുകയാണ്.  കർഷകരും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടുന്ന ഒരു വലിയ ജനത കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ കാത്തു നിൽക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment