വെള്ളംതെറ്റി ആദിവാസി കോളനിയിൽ ഇനി മൊബൈല്‍ കവറേജും ഇന്റർനെറ്റ്, വൈഫൈ സംവിധാനവും : പദ്ധതി നിറവേറ്റി കൊടിക്കുന്നിൽ സുരേഷ് എം.പി

പത്തനാപുരം നിയോജകമണ്ഡലത്തിലെ പിറവന്തൂര്‍ പഞ്ചായത്തിലെ കിഴക്കേ വെള്ളംതെറ്റിആദിവാസി കോളനിയില്‍ മൊബൈല്‍ കവറേജും നെറ്റ് കണക്റ്റിവിറ്റിയും വൈഫൈ സംവിധാനവും നിലവില്‍ വന്നതായി കൊടിക്കുന്നില്‍സുരേഷ് എം.പി അറിയിച്ചു. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം കിഴക്കേ വെള്ളംതെറ്റി കോളനിക്ക് സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ വെച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വ്വഹിച്ചു. കൊല്ലം ജില്ലാ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ ഹരികുമാര്‍ മൊബൈല്‍ കണക്ഷനുകളുടെ ചുമതലയുള്ള അബ്ദുള്‍ സലിം, ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ കിഴക്കേവെള്ളംതെറ്റി ഭാഗത്ത് കണക്ഷന്‍ ലഭിക്കാതെ വരികയും അവിടത്തെ നൂറോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം അസാധ്യമായി മാറിയപ്പോഴാണ് ബി.എസ്.എന്‍.എല്‍ അധികൃതരുമായി ചര്‍ച്ച നടത്തി ഓണ്‍ലൈന്‍ പഠനത്തിനുള്ള തടസ്സം നീക്കുന്നതിന് നടപടി സ്വീകരിച്ചത്.
നിബിഡവനത്തില്‍ താമസിക്കുന്ന നൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുവാനോ കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനോ കഴിയാത്ത അതി ദയനീയമായ സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. പാറക്കെട്ടുകളുടെ മുകളിലും മരത്തിന്‍റെ മുകളിലും കയറിയിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തേണ്ട അവസ്ഥയാണ് അവിടെ കുട്ടികള്‍ക്കുണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്മാരുമായി മൂന്നാഴ്ച മുമ്പ് വെള്ളംതെറ്റി സന്ദര്‍ശിച്ച് അവിടത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും മൊബൈല്‍ കവറേജ് ലഭ്യമാക്കുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
കിഴക്കേ വെള്ളംതെറ്റിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള മാങ്കോട് ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് കിഴക്കേ വെള്ളംതെറ്റിയിലുള്ള ഫോറസ്റ്റ് ഗാര്‍ഡ് ഓഫീസില്‍ ആവശ്യമായ മറ്റ് ഉപകരണങ്ങളും ഫോറസ്റ്റ് ഓഫീസില്‍ സ്ഥാപിച്ച് അവിടെ നിന്നും ഫോറസ്റ്റ് അധികൃതര്‍ സൗജന്യമായി കൊടുത്ത വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചാണ് കിഴക്കേ വെള്ളം തെറ്റിയില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കിയത്.
കോന്നി ഡി.എഫ്.ഒയുടെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസില്‍ നിന്നും സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കി ആ കെട്ടിടത്തില്‍ തന്നെ ഉപകരണങ്ങള്‍ സ്ഥാപിച്ച് കിഴക്കേ വെള്ളംതെറ്റിയുടെ എല്ലാ ഭാഗത്തും മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടുകൂടി ഒറ്റപ്പെട്ടുകിടന്ന നൂറോളം കുടുംബങ്ങള്‍ക്ക് മൊബൈലിലൂടെ പുറംലോകവുമായി ബന്ധപ്പെടുന്നതിനും സ്മാര്‍ട്ട് ഫോണിലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താനും കഴിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.വൈദ്യുതി കണക്ഷന്‍ തകരാറിലായാല്‍ മൊബൈല്‍ കവറേജ് നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ബാറ്ററി സംവിധാനം കൂടി ഇവിടെ ഏര്‍പ്പെടുത്തുമെന്ന് ബി.സ്.എന്‍.എല്‍ കൊല്ലം ജില്ലാ ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കി. കൂടാതെ ഉദ്ഘാടന ദിവസം അമ്പതോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി സിം കാര്‍ഡും അദ്ദേഹം വിതരണം ചെയ്തു.
കിഴക്കേ വെള്ളംതെറ്റി ആദിവാസി ഗ്രാമത്തിലാകെ ആഹ്ളാദ നിമിഷമായ ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കെ.പി.സി.സി നിര്‍വ്വാഹകസമിതിയംഗം സി.ആര്‍. നജീബ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ഷേക്ക് പരീത്, ഷിബു പള്ളിത്തോപ്പില്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് ചെമ്പനരുവി മുരളി, അഡ്വ.ഷാജുകാന്‍, എം.ഡി ഫിലിപ്പ്, ജമാല്‍, സുധീര്‍ മലയില്‍,പുന്നല ഷൈജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് പുന്നല, ആര്യകടശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു. ആദിവാസി കോളനിയിലെ ആദിവാസി മൂപ്പന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

Related posts

Leave a Comment