പിണറായിയെ പൊളിച്ചടുക്കി കൊടിക്കുന്നില്‍

കൊല്ലംഃ മുഖ്യമന്ത്രി പിണറായി വിജയനെ പൊളിച്ചടുക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമർശം

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത് എന്ന് പറഞ്ഞതിന് പിറകേയാണ് ഇതിനെ സാധൂകരിക്കുന്നതിനായി ചില പരാമർശങ്ങൾ കൊടിക്കുന്നിലിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടർച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തിൽപോലും തുടർച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്.

പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയായ കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം. ഇത്തരത്തിൽ പട്ടികജാതിക്കാരെ പിണറായി സർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോട് അനുബന്ധമായാണ് മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നൽകണമായിരുന്നുവെന്നും സിപിഎമ്മിൽ നിരവധി ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇതേകുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും കൊടുക്കുന്നിൽ പ്രതികരിച്ചു. നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയിൽ നവോത്ഥാനം നടപ്പാക്കാൻ, പറയുന്ന കാര്യത്തിൽ ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം സ്വന്തം കുടുംബത്തിൽ നടപ്പാക്കണമെന്നുളള ഒരു ചർച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ വന്നു. താൻ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതിനെ വേറൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണം

Related posts

Leave a Comment