ഐടി വളര്‍ച്ചയുടെ പങ്കുപറ്റാന്‍ കൊച്ചിയും: ഇന്‍ഫോപാര്‍ക്കില്‍ ഒരുങ്ങുന്നത് 10 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടം

കോവിഡ് നമുക്കു ചുറ്റും ഉണ്ടെങ്കിലും ഈ വര്‍ഷം ഇന്ത്യയിലെ ഐടി വ്യവസായ മേഖല 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന ക്രിസില്‍ റിപോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് വന്നത്. ഐടി രംഗം കരുത്തുറ്റ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് ക്രിസിലും നാസ്‌കോമുമെല്ലാം പ്രവചിക്കുന്നത്. ഈ വളര്‍ച്ചയുടെ പങ്കുപറ്റാന്‍ കേരളവും ഒരുങ്ങിയിരിക്കുകയാണ്. ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പുതിയ കമ്പനികളെ ആകര്‍ഷിച്ചും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് രണ്ടില്‍ 2.63 ഏക്കര്‍ ഭൂമിയില്‍ മൂന്ന് ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയന്‍ ടെക്പാര്‍ക്ക് കാമ്പസ് നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇവിടെ 1.30 ലക്ഷ ചതുരശ്ര അടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവര്‍ 2022 ആദ്യ പാദത്തോടെ പൂര്‍ത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തില്‍ ഐടി, ഐടിഇഎസ്, കോര്‍പറേറ്റ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും പണി പൂര്‍ത്തിയായാല്‍ കാസ്പിയന്‍ ടെക്പാര്‍ക്ക് കാമ്പസില്‍ ആകെ 4.50 ലക്ഷം ചതുരശ്ര അടി വിസ്തൃതി കമ്പനികള്‍ക്കായി ലഭ്യമാകും. ഫെയ്‌സ് രണ്ടിലെ മറ്റൊരു പ്രധാന കാമ്പസ് ക്ലൗഡ്‌സ്‌കേപ്‌സ് സൈബര്‍ പാര്‍ക്ക് പണി പൂര്‍ത്തിയായി ഉല്‍ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഇവിടെ ആദ്യ ഘട്ടത്തില്‍ 62,000 ചതുരശ്ര അടി വിസ്തൃതിയില്‍ ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങള്‍ക്കായി പൂര്‍ണസജ്ജമായ ഓഫീസ് ഇടമാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ഒന്നില്‍ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഐബിഎസിന്റെ സ്വന്തം കാമ്പസും പണി പൂര്‍ത്തിയായിരിക്കുന്നു. ഇവിടെയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ ആരംഭിച്ച് ആഗോള പ്രശസ്തി നേടിയ ഐബിഎസ് സോഫ്റ്റ്‌വെയര്‍ സര്‍വീസസിന്റെ കൊച്ചിയിലെ സ്വന്തം ഐടി കാമ്പസ് 4.21 ഏക്കര്‍ ഭൂമിയില്‍ 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിലാണ് ഒരുങ്ങു ന്നത്. ഓരോ ഘട്ടമായി പൂർത്തീകരിക്കുന്ന ക്യാമ്പസിന്റെ ആദ്യ ടവർ ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ഒന്നില്‍ ഈ വർഷം അവസാനത്തോടെ പൂര്‍ത്തിയാകും. മുഴുവൻ ക്യാമ്പസുകളുടെ പണി പൂർത്തീകരിക്കുമ്പോൾ 6000ത്തോളം ജീവനക്കാര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. മറ്റു സൗകര്യങ്ങള്‍ക്കു പുറമെ തീയെറ്റര്‍, ഓപണ്‍ റൂഫ് കഫ്റ്റീരിയ അടക്കമുള്ള സൗകര്യങ്ങളും ഈ കാമ്പസില്‍ ഉണ്ട്.

ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ 92 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് ആണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. 10 ലക്ഷത്തോളം ചതുരശ്ര അടി സ്ഥലം ഈ വര്‍ഷത്താവസാനത്തോടെ പുതിയ കമ്പനികള്‍ക്കായി തയാറാകുന്നതോടെ ഒരു കോടിയിലധികം ചതുരശ്രി അടി ഇൻഫോപാർക്കിന് മാത്രം സ്വന്തമാകും. ഇന്‍ഫൊപാര്‍ക്കിന്റെ സാറ്റലൈറ്റ് കാമ്പസുകളായ കൊരട്ടി, ചേര്‍ത്തല പാര്‍ക്കുകളില്‍ പുതിയ ഓഫീസ് ഇടങ്ങളുടെ ഫര്‍ണിഷ് ജോലികള്‍ നടന്നുവരുന്നു. ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം സംഭരംഭകര്‍ക്കുമായാണ് പ്രധാനമായും സ്ഥലം ഒരുങ്ങുന്നത്. ഇന്‍ഫോപാര്‍ക്കിലെ ഏതാനും വലിയ കമ്പനികള്‍ ഇപ്പോള്‍ സാറ്റലൈറ്റ് പാര്‍ക്കുകളിലേക്കും ഓഫീസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്.

Related posts

Leave a Comment