കൊച്ചിയിൽ മോഡലുകൾ മരിച്ചതിൽ ദുരൂഹത; കേസ് അന്വേഷിക്കാൻ പുതിയ സംഘം

കൊച്ചി: ദേശീയപാത ബൈപ്പാസിൽ മോഡലുകൾ മരിച്ച സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാൻ പുതിയ സംഘം വരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനാണ് അന്വേഷണ ചുമതല. സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിൽ കെ.അനന്തലാലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

നിലവിലെ അന്വേഷണ സംഘത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉൾപ്പെടെ ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനുള്ള തീരുമാനം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ കണ്ടെത്താനാണ് ശ്രമം.
പാർട്ടിക്കെത്തിയവരുടെ പേരു വിവരങ്ങൾ ഹോട്ടലിൽ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മുറി നൽകിയവരുടെ വിവരങ്ങൾ പോലും ഹോട്ടലിൽ ലഭ്യമല്ല എന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്നു രാത്രി പാർട്ടിയിൽ പങ്കെടുത്തെന്നു വ്യക്തമായ പലരും ഇതിനകം ഒളിവിൽ പോയിട്ടുണ്ട് എന്നാണ് വിവരം.

പൊലീസ് അറസ്റ്റു ചെയ്ത റോയ് വയലാട്ടിനെ ഇന്നു കോടതിയിൽ ഹാജരാക്കാനിരിക്കെ, രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇയാൾ ഉള്ളത്. ഇയാൾക്കൊപ്പം അറസ്റ്റിലായ 5 ജീവനക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരാണ് റോയിയുടെ നിർദേശപ്രകാരം ഹാർഡ് ഡിസ്കുകൾ കായലിൽ എറിഞ്ഞുകളഞ്ഞത്.

Related posts

Leave a Comment