കൊച്ചി നഗരസഭ; നഗരാസൂത്രണ കമ്മിറ്റി യു.ഡി.എഫിന്

കൊച്ചി: കൊച്ചി നഗരസഭ നഗരാസൂത്രണ കമ്മിറ്റി യു.ഡി.എഫിന്. നഗരസഭ കൊച്ചങ്ങാടി 6-ാം ഡിവിഷനിൽ നിന്ന് സി.പി.എം. കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട എം എച്ച് എം അഷറഫ് പാർട്ടിയിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി പ്രവർത്തിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്  അഷറഫ് അംഗമായിരുന്ന  എൽ ഡി എഫ് നഗരാസൂത്രണ കമ്മിറ്റിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായിരുന്നു. ഇതിൻ്റെ ഭാഗമായി നടന്ന തെരെഞ്ഞെടുപ്പിൽ നഗരാസൂത്രണ  കമ്മിറ്റി ചെയർമാനായി എം എച്ച് എം അഷറഫിനെ  തെരെഞ്ഞെടുത്തു.  സി.പി.എം ലെ വി എസ് വിജുവായിരുന്നു എതിർ സ്ഥാനാർത്ഥി. എട്ടംഗ കമ്മിറ്റിയിൽ മൂന്നിനെതിരെ അഞ്ചു വോട്ടു നേടിയാണ് അഷറഫ് വിജയിച്ചത്.

നഗരസഭ ഭരണം കൈയ്യാളുന്ന സി.പി.എം ൻ്റെ കടുത്ത സ്വജനപക്ഷപാതവും നിയന്ത്രണാതീതമായ അഴിമതിയിലും മനം മടുത്താണ് താൻ പാർട്ടി വിട്ടതെന്നും തുടർന്ന് യുഡി എഫിനൊപ്പം സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും അഷറഫ് പറഞ്ഞു. ഇതൊടെ നഗരസഭയുടെ രണ്ടു സുപ്രധാന കമ്മിറ്റികൾ യുഡിഎഫ് നിയന്ത്രണത്തിലായി. നിലവിൽ വർക്സ് കമ്മിറ്റിയും യുഡിഎഫിൻ്റേതാണ്. നഗരാസൂത്രണ കമ്മിറ്റിയെ നോക്കുകുത്തിയാക്കി കൗൺസിലിലെ ചില സി.പി.എം  നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട അഷറഫിനെ ഡി.സി.സി. പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എറണാകുളം എം എൽ എ ടിജെ വിനോദ്, ജില്ലാ യു ഡിഎഫ് കൺവീനർ ഡോമിനിക് പ്രസൻ്റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു.

കെടുകാര്യസ്ഥതയുടെ ഉറവിടമായി എൽ ഡി എഫിൻ്റെ നേതൃത്വത്തിലുള്ള ഭരണം മാറിയതായി പ്രതിപക്ഷ നേതാക്കളായ ആൻറണി കുരീത്തറ, അരിസ്റ്റോട്ടിൽ, മിനിമോൾ ജോയ് എന്നിവർ കുറ്റപ്പെടുത്തി. നഗരസഭ കാര്യങ്ങളിൽ പുകമറ സൃഷ്ടിച്ചാണ് മേയർ ഭരണം നടത്തുന്നത്. കൗൺസിൽ അംഗീകാരം ലഭിക്കേണ്ടുന്ന ഗൗരവമായ വിഷയങ്ങൾക്കു പോലും മുൻകൂർ അനുമതി നല്കുന്നത് പതിവാക്കിയ മേയർ വൻ സാമ്പത്തിക അഴിമതിക്ക് കൂട്ടുനില്ക്കുകയാണ്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയൊരു സ്വകാര്യ കമ്പനിക്ക് നഗരത്തിൽ മുഴുവൻ പോസ്റ്റുകളിട്ട് കേബിൾ വലിക്കാൻ മുൻകൂർ അനുമതി നല്കിയതിലൂടെ കോടികളുടെ നികുതിയാണ് നഗരസഭയ്ക്ക് നഷ്ടമായത്. ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൻ്റെ പ്രവർത്തനം സി.പി.എം ബന്ധുത്വത്തിലുള്ള കമ്പനിക്കു നൽകി നഗരത്തിലെ മാലിന്യ സംഭരണവും സംസ്കരണവും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കുഴികൾ നിറഞ്ഞതുമൂലം നഗരഗതാഗതം താറുമാറായിരിക്കുന്നതായും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. എൽ ഡി എഫിൻ്റെ ദുർഭരണത്തിൽ പ്രതിഷേധമുള്ള ഘടകകക്ഷി കൗൺസിലർമാരും വൈകാതെ യുഡിഎഫിലേക്കെത്തുമെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറഞ്ഞു.

Related posts

Leave a Comment