കലാമണ്ഡലം കുട്ടനാശാൻ അന്തരിച്ചു

പാലക്കാട്: വിശ്രുത കഥകളി നടൻ കലാമണ്ഡലം കുട്ടനാശാൻ അന്തരിച്ചു. കഥകളിയുടെ കല്ലുവഴിച്ചിട്ടയിലെ നാലാം തലമുറക്കാരനാണ് അരങ്ങൊഴിഞ്ഞത്. കലാമണ്ഡലം ഗോപിയാശാന്റെ ദേശക്കാരനും അയൽക്കാരനും സഹപാഠിയുമായിരുന്നു. ഇരുവരും ചെർപ്പുളശേരി അടയ്ക്കാപ്പുത്തൂരുകാർ.
ലവണാസുരവധത്തിലെ ലവകുശന്മാരായി വേഷമിട്ടാണ് ഇരുവരും അരങ്ങേറിയത്. കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ, കീഴ്പ്പടം കുമാരൻ നായർ എന്നീ ഉന്നതശീർഷരുടെ കളരികളിൽ സ്ഫുടം ചെയ്‌തെടുത്ത ചിട്ടയാണ് കളിയുടെ ലോകത്തെ സമകാലികപ്രതിഭകളെ വാർത്തെടുത്തവരിൽ പ്രധാനിയായി ആശാനെ മാറ്റിയത്. 2008ലെ കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 12ാം വയസ്സിൽ വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ സുഭദ്രാഹരണത്തിലെ കൃഷ്‌ണവേഷം കെട്ടിയാണ്‌ അരങ്ങേറ്റം. കലാമണ്ഡലത്തിൽ പത്മനാഭൻ നായരുടെയും രാമൻകുട്ടി നായരുടെയും ശിക്ഷണത്തിലായിരുന്നു പഠനം. കലാമണ്ഡലം ഗോപിയാശാന്റെ ഒപ്പം കർണ്ണശപഥത്തിൽ ദുര്യോധനൻ, നളചരിതം രണ്ടാം ദിവസത്തിൽ പുഷ്‌കരൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലാമണ്ഡലം അവാർഡ്‌, തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രത്തിന്റെ നാട്യഭൂഷണം, കഥകളി ക്ലബ്ബ്‌ തുടങ്ങി നിരവധി അവാർഡുകൾ. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്‌കാരം, 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരം തുടങ്ങിയവയും നേടി. വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയും കൂടെയായിരുന്നു ആശാൻ. 2017ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് നേടിയ കഥകളി കലാകാരനാണ്.
1940 കളിൽ കലാമണ്ഡലത്തിൽ കലാമണ്ഡലം രാമൻകുട്ടി നായരുടേയും കലാമണ്ഡലം പത്മനാഭൻ നായരുടേയും കീഴിൽ പഠനം തുടങ്ങി ആറു പതിറ്റാണ്ടോളം കഥകളി രംഗത്ത്‌ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു കുട്ടനാശാൻ. ദീർഘകാലം ഉണ്ണായിവാര്യർ കലാനിലയത്തിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ദക്ഷൻ വേഷങ്ങൾ സുപ്രസിദ്ധമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സർക്കാരിന്റെ കഥകളി പുരസ്കാരം, കലാമണ്ഡലം പുരസ്‌കാരം തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയും കൂടെയായിരുന്നു ആശാൻ.

Related posts

Leave a Comment