വിവാദങ്ങൾക്ക് പുല്ലുവില ; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിലുറച്ച് സർവ്വകലാശാല

കണ്ണൂർ : മുന്‍ എം.പി. എം.പി.കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്‌ നിയമനം നല്‍കാനുള്ള നീക്കവുമായി സര്‍വകലാശാല മുന്നോട്ടു പോകുകയാണ്‌.
കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ പ്രിയ ഒന്നാമതെത്തിയതായാണ്‌ സര്‍വകലാശാലാവൃത്തങ്ങള്‍ അറിയിക്കുന്നത്‌. നിയമനം അടുത്ത സിന്‍ഡിക്കേറ്റ്‌ യോഗത്തില്‍ അംഗീകരിക്കുമെന്നാണ്‌ സൂചന. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടത്തിയ അഭിമുഖത്തില്‍ ആറ്‌ പേരാണ്‌ ഉണ്ടായിരുന്നത്‌. ഒന്നാം സ്‌ഥാനത്തെത്തിയ പ്രിയയ്‌ക്കുള്ളത്‌ പതിനൊന്ന്‌ ഗവേഷണ പ്രബന്ധങ്ങളാണ്‌. അതേസമയം രണ്ടാംറാങ്കുകാരനായ ജോസഫ്‌ സ്‌കറിയയ്‌ക്ക്‌ 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്‌. 27 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം ആറ്‌ പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്‌. സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്‌. അസിസ്‌റ്റന്റ്‌ പ്രഫസറായി മാത്രം 14 വര്‍ഷത്തെ പരിചയവുമുണ്ട്‌. ഇദ്ദേഹത്തെ പിന്തള്ളിയാണ്‌ 2012ല്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത്‌ വരും ദിവസങ്ങളിലും വിവാദമാകാനിടയുണ്ട്‌.
നിലവിലെ വൈസ്‌ ചാന്‍സലര്‍ പ്രഫ: ഗോപിനാഥ്‌ രവീന്ദ്രന്‍ നവംബര്‍ 23 ന്‌ കാലാവധി പൂര്‍ത്തിയാക്കുന്നിനുമുമ്ബാണ്‌ തിരക്കിട്ട്‌ ഇന്റര്‍വ്യൂ നടന്നത്‌. എ.എന്‍. ഷംസീര്‍ അടക്കം സി.പി.എമ്മിന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍മാരായി നിയമനം നല്‍കാനുള്ള നീക്കങ്ങള്‍ നേരത്തേ വിവാദമുണ്ടാക്കിയിരുന്നു. പ്രിയ വര്‍ഗീസിന്‌ ഒരുപടി മുകളില്‍ അസോസിയേറ്റ്‌ പ്രഫസറായി നേരിട്ടാണ്‌ നിയമനം നല്‍കുന്നത്‌. 2021 നവംബര്‍ 12വരെ അപേക്ഷ സ്വീകരിച്ച്‌, തൊട്ടടുത്ത ദിവസം തന്നെ വി.സി നിയോഗിച്ച സ്‌ക്രീനിങ്‌ കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച്‌ രാഗേഷിന്റെ ഭാര്യ ഉള്‍പ്പടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ്‌ ഇന്റര്‍വ്യൂവിന്‌ ക്ഷണിക്കാന്‍ തയ്യാറാക്കിയത്‌.
അസോസിയേറ്റ്‌ പ്രഫസര്‍ക്ക്‌ ഗവേഷണ ബിരുദദവും എട്ടുവര്‍ഷം അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയിലുള്ള അധ്യാപന പരിചയവുമാണ്‌ യോഗ്യതയായി യു.ജി.സി. നിശ്‌ചയിച്ചിട്ടുള്ളത്‌. 2012 ല്‍ തൃശൂര്‍, കേരളവര്‍മ്മ കോളേജില്‍ മലയാളം അസിസ്‌റ്റന്റ്‌ പ്രഫസറായി നിയമനം ലഭിച്ച പ്രിയവര്‍ഗീസ്‌ സര്‍വീസിലിരിക്കെ മൂന്നുവര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ്‌ പിഎച്ച്‌.ഡി ബിരുദം നേടിയത്‌. 2019 മുതല്‍ രണ്ടുവര്‍ഷകാലം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌റ്റുഡന്റ്‌ സര്‍വീസ്‌ ഡയറക്‌ടറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്‌തിരുന്നു. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ്‌ പ്രകാരം അസോസിയേറ്റ്‌ പ്രഫസര്‍, പ്രഫസര്‍ നിയമനങ്ങള്‍ക്ക്‌ ഗവേഷണ ബിരുദം നേടുന്നതിന്‌ വിനിയോഗിച്ച കാലയളവ്‌ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന്‌ വ്യവസ്‌ഥ ചെയ്യുന്നു.

Related posts

Leave a Comment