കിരണിനെ പിരിച്ചു വിട്ടു, ഇനി സര്‍ക്കാര്‍ ജോലിയില്ല, പെന്‍ഷനും കിട്ടില്ല

തിരുവനന്തപുരംഃ സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യ വിസ്മയയെ കൊലപ്പെടുത്തിയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍പെക്റ്ററായിരുന്ന കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. കേരള സര്‍വീസ് റൂള്‍സ് ചട്ടപ്രകാരമാണു നടപടി. സര്‍ക്കാരിനെതിരേ ജനരോഷം ആളിപ്പടര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തു നില്‍ക്കാതെ നടപടിയെടുത്തത്. സര്‍വീസ് റൂള്‍ ആയതിനാല്‍ ട്രൈബ്യൂണലില്‍ പോകാന്‍ ഇനി കിരണിനു കഴിയില്ല. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ പെന്‍ഷനും അര്‍ഹതയില്ല.

സര്‍ക്കാര്‍ സേവനത്തിനും മോട്ടോര്‍ വാഹന വകുപ്പിനും അപമാനമുണ്ടാക്കിയതിനാല്‍ ഇനി മറ്റൊരു സര്‍ക്കാര്‍ ജോലി കിട്ടാനും യോഗ്യതയില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായി കോടതി വിധിക്കുന്ന ശിക്ഷയുടെ അടിസ്ഥാത്തിലുള്ള ജയില്‍ ജീവിതമല്ലാതെ ഇയാള്‍ക്ക് വേറേ ജിവിതമാര്‍ഗവുമില്ല. സ്ത്രീധനം മോഹിച്ചു പെണ്‍കുട്ടികളെ വേട്ടയാടുന്ന മുഴുവന്‍ ചെറുപ്പക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള ശക്തമായ താക്കീതാണ് ഈ നടപടി.

കിരണിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെ‌ന്ന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. കിരണിനെതിരേ ശക്തമായ ജനരോഷ‌ം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനു കടുത്ത നടപടികളിലേക്കു നീങ്ങേണ്ടി വന്നത്. വകുപ്പ തലത്തിലുള്ള അന്വേഷണം നാല്പത്തഞ്ചു ദിവസം നീണ്ടു. സ്ത്രീധനത്തിന്‍റെ പേരില്‍ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇയാളുടെ മൊഴിയിലും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താനല്ല വിസ്മയയെ കോലപ്പെടുത്തിയതെന്നും വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് കിരണ്‍ മൊഴി നല്‍കിയത്. എന്നാല്‍ ആത്മഹത്യയായാല്‍പ്പോലും അതിലേക്കു നയിച്ചത് കിരണിന്‍റെ പ്രേരണ‌ മൂലമാണെന്ന് കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തും. രണ്ടായാലും കിരണ്‍ സര്‍വീസ് ചട്ടപ്രകാരം കുറ്റവാളിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ആവശ്യപ്പെടുന്നതും ചട്ടപ്രകാരം കുറ്റകരമാണ്.

Related posts

Leave a Comment