കിഫ്ബിയിൽ പെട്ടു സർക്കാർ;വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി ; കെഎം എബ്രഹാമിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധം

*200 കോടി സ്വകാര്യ ബാങ്കിൽ
*പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: മസാല ബോണ്ടിൽ നിന്ന് സമാഹരിച്ച 200 കോടി രൂപ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതും അത് പിൻവലിച്ചപ്പോൾ 4.67 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. മുമ്പ് പ്രതിപക്ഷവും നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും പലതവണ ഉന്നയിച്ച വിഷയമാണ് ഇപ്പോൾ സിഎജിയും ശരിവെച്ചിരിക്കുന്നത്. കൃത്യമായ നയമില്ലാതെ വൻ തോതിൽ നഷ്ടം വരുത്തിവെച്ചെന്ന് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്തുവന്നതോടെ സംസ്ഥാന സർക്കാരും കിഫ്ബിയും വെട്ടിലായി. ചെറിയ കാര്യങ്ങളിൽ പോലും വലിയ വീഴ്‌ച ഉണ്ടായെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അതായത്, ഏപ്രിൽ 14നാണ് ധനകാര്യ സെക്രട്ടറിക്ക് സിഎജി റിപ്പോർട്ട് നൽകിയതെങ്കിലും ഇതുവരെ പുറത്തുവിടാതെ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.
പൊലീസ് ഫണ്ട് വിനിയോഗം, കിഫ്ബി വിഷയങ്ങളിലെ കള്ളക്കളികൾ നേരത്തെ പുറത്തുകൊണ്ടുവന്ന മുൻ എജി എസ്. സുനിൽരാജ് പ്രത്യേക ഓഡിറ്റ് നടത്തിയത്. കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ചതിൽ നിന്ന് 200 കോടി വിജയ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് കാലാവധി തികയും മുമ്പ് പിൻവലിച്ചതിനാൽ പലിശയിനത്തിൽ 4.67 കോടിയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. മസാലബോണ്ട് വഴി സമാഹരിച്ച പണം രണ്ടുവർഷത്തിനകം ചെലവാക്കണമെന്നതിനാൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന തരത്തിലായിരുന്നു സ്ഥിരനിക്ഷേപം നടത്തേണ്ടത്.
കെ.എസ്.എഫ്.ഇയിൽ നിന്ന് സുരക്ഷാ ബോണ്ടുകൾ വഴി 31 കോടി സ്വീകരിച്ചു, എന്നാൽ അശ്രദ്ധമൂലം 109 കോടി രൂപയ്ക്ക് പലിശ നൽകി. ചീഫ് പ്രോജക്‌ട് എക്‌സാമിനറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ കിഫ്ബി പറഞ്ഞ യോഗ്യതയുള്ള ആരും വന്നില്ലെങ്കിലും മൂന്ന് അപേക്ഷകരിൽ ഒരാളെ നിയമിച്ചു. ഡപ്യൂട്ടേഷൻ ഒഴിവാക്കി കരാർ നിയമനം നടത്തിയതുമൂലം 42 ലക്ഷത്തിന്റെ അധികചെലവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായിരുന്നിട്ടും കിഫ്ബിയിലെ നിയമനങ്ങളിൽ സംവരണം പാലിച്ചില്ല. സർക്കാരിന്റെ അനുമതിയില്ലാതെ തസ്തികകൾ സൃഷ്ടിച്ചു. വൗച്ചർ ഹാജരാക്കാത്തചെലവുകളും കിഫ്ബി അംഗീകരിച്ചെന്നും ഓഡിറ്റിൽ കണ്ടെത്തി. കിഫ്ബി വാടകക്കെടുത്ത കെട്ടിടം ഉപയോഗിക്കാത്ത കാലയളവിൽ വാടകയായി 16 ലക്ഷം രൂപ നൽകി. വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികളിൽ പലതും പറഞ്ഞ സമയത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2019-20 സംസ്ഥാന ബജറ്റിനെയും സിഎജി റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുവെന്നും സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ബജറ്റിൽ ചെലവ് ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാൾ 2019-20 വർഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമില്ലാതെ ഉയർന്ന ഗ്രാന്റുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ അനുവദിച്ച വിഹിതംപോലും ചെലവഴിക്കാത്തതിന് പുറമെ, ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിക്കാത്ത വിഭാഗങ്ങളുണ്ട്. പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തൽ നടത്തി. ഇതിന് പുറമേ, ബജറ്റിന് യാഥാർഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സിഎജി നിരീക്ഷിച്ചു. ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളു. അതിന് സർക്കാർ തയ്യാറായില്ല. അധികച്ചെലവുകൾ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശമാണ് ഓഡിറ്റ് റിപ്പോർട്ടിലൂടെ സിഎജി മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. 2016 ജനുവരി ഒന്നുമുതൽ കഴിഞ്ഞ വർഷം മാർച്ച്‌ 31 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്തത്. റിപ്പോർട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കിഫ്ബി സിഇഒയ്ക്കും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയിരുന്നു.

മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ മൂന്ന് വർഷത്തെ കരാർ നിയമനത്തിൽ കിഫ്ബിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാക്കി പദവി നൽകിയത് നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണന്ന് സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. ചട്ടപ്രകാരം കരാർ നിയമനം ഒരു വർഷത്തേക്കാണ്. കരാർ നിയമനത്തിൽ കയറിയ ആളിന്റെ ജോലി തൃപ്തികരമാണങ്കിൽ സർക്കാരിന് കരാർ പുതുക്കി കൊടുക്കാം. ചീഫ് സെക്രട്ടറി ആയ എബ്രഹാമിനെ 2018ൽ കരാർ നിയമന പ്രകാരം കിഫ്ബി സി.ഇ.ഒ ആയി നിയമിച്ചപ്പോൾ പ്രതിമാസ ശമ്പളം 2.75 ലക്ഷമായിരുന്നു. കൂടാതെ ഓരോ വർഷവും ശമ്പളത്തിൽ 10 ശതമാനം വർധനവും. ഇത് ക്രമപ്രകാരമല്ലന്നാണ് സിഎജിയുടെ കണ്ടെത്തൽ.
2019 ജനുവരിയിൽ പത്ത് ശതമാനം ശമ്പള വർധനവോടു കൂടി 3,02,500 രൂപയായി എബ്രഹാമിന്റെ പ്രതിമാസ ശമ്പളം. 2020 ജനുവരിയിൽ വീണ്ടും പത്ത് ശതമാനം ശമ്പള വർധനവ് എബ്രഹാമിന് കിട്ടിയതോടെ പ്രതിമാസ ശമ്പളം 3,32, 750 രൂപയായി. ഇത് കൂടാതെ കാർ, ഫോൺ, കമ്പ്യൂട്ടർ, ടി.എ, മറ്റ് അനുബന്ധ ചെലവുകളും എബ്രഹാം കിഫ് ബിയിൽ നിന്ന് കൈ പറ്റുന്നുണ്ട്. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിക്കുന്നവർക്ക് സാധാരണ ഗതിയിൽ പുനർനിയമന വ്യവസ്ഥയിലാണ് നീയമനം കൊടുക്കുന്നതെന്നിരിക്കെ തനിക്ക് കരാർ നിയമനം മതി എന്ന ശാഠ്യം പിടിച്ചത് എബ്രഹാമായിരുന്നു. പുനർ നീയമനത്തിലായിരുന്നു കിഫ് ബി സി.ഇ.ഒ ആയി എബ്രഹാമിനെ നീയമിച്ചിരുന്നതെങ്കിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അവസാന മാസത്തെ ശമ്പളം മാത്രമേ ലഭിക്കുമായിരുന്നുള്ളു. കരാർ നിയമനം ആയതിനാൽ ശമ്പളത്തോടൊപ്പം എബ്രഹാമിന് ചീഫ് സെക്രട്ടറിയായി വിരമിച്ചതിന്റെ പെൻഷനും കിട്ടും. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിക്കുന്ന ഉദ്യോഗസ്ഥന് പെൻഷൻ ഒന്നരലക്ഷം രൂപയാണ്. അങ്ങനെ കരാർ നിയമനം തരപ്പെടുത്തിയതോടെ ശമ്പളവും പെൻഷനുമായി പ്രതിമാസം 5 ലക്ഷം രൂപയ്ക്കടുത്ത് എബ്രഹാമിന് ലഭിക്കും.
ചീഫ് പ്രൊജക്ട് എക്സാമിനർ ആയി കിഫ്ബിയിൽ നീയമിതനായ വിജയദാസിനെതിരെയും സമാനമായ ആരോപണങ്ങളാണ് സിഎജി റിപ്പോർട്ടിൽ ഉള്ളത്. 42 ലക്ഷത്തോളം രൂപയാണ് വിജയദാസിന് കരാർ നിയമനം നൽകിയത് വഴി കിഫ്ബിക്ക് നഷ്ടമുണ്ടായതെന്ന് സിഎജി കണ്ടെത്തി. അതിനിടെ, തസ്തികക്ക് വേണ്ട യോഗ്യതയില്ലാത്ത വിജയദാസിന്റെ നിയമനത്തിനു പിന്നിലും കെ.എം എബ്രഹാമാണന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പിൻവാതിൽ നീയമനങ്ങൾ, പലിശ ഇനത്തിലെ വെട്ടിപ്പ്, സംവരണ വ്യവസ്ഥിതി അട്ടിമറിച്ച നീയമനങ്ങൾ അടക്കം കിഫ്ബി യിലെ വെട്ടിപ്പുകൾ അക്കമിട്ട് നിരത്തിയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ഏപ്രിൽ 14ന് സമർപ്പിച്ച റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളിൽ സർക്കാർ ഇതുവരെ യാതൊരു നടപടിയും എടുക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനംകൂടി വഹിക്കുന്ന കെ.എം എബ്രഹാമാണെന്നാണ് ആക്ഷേപം.

Related posts

Leave a Comment