കിഫ്ബിയിൽ പൊട്ടിത്തെറി; ഗണേഷിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി പദ്ധതികളെ വിമർശിച്ച് ഭരണപക്ഷ എംഎൽഎമാർ നിയമസഭയിൽ ആരോപണം ഉയർത്തിയതിന് പിന്നാലെ അവർക്കുള്ള മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത്. കിഫ്ബി പദ്ധതികൾക്ക് ഗുണ നിലവാരമില്ലെന്ന ആക്ഷേപവും മിടുക്കരായ ഉദ്യോഗസ്ഥരുള്ളപ്പോൾ എന്തിനാണ് കൺസൾട്ടന്റ് നിയമനമെന്നും സഭയിൽ ചോദിച്ച കെ.ബി ഗണേഷ്കുമാറിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ധനമന്ത്രി രംഗത്തെത്തിയതോടെ കിഫ്ബിയെ ചൊല്ലി ഭരണപക്ഷത്തെ  പൊട്ടിത്തെറി മറനീക്കി പുറത്തുവന്നു. ഗണേഷ്കുമാറിനെ പിന്തുണച്ച് സിപിഎം എംഎൽഎ എ.എൻ ഷംസീറും കഴിഞ്ഞ ദിവസം നിയമസഭയിൽ സംസാരിച്ചിരുന്നു.
കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്നാണ് കെ.എൻ ബാലഗോപാൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയത്. നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും, നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും മന്ത്രി പറ‍ഞ്ഞു. കിഫ്ബിയെയും പൊതുമരാമത്തിനെയും പിളർത്താൻ ശ്രമിക്കേണ്ടെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് വാർത്താസമ്മേളനത്തിൽ പരോക്ഷ പിന്തുണയും ധനമന്ത്രി നൽകി. വന്‍ ശമ്പളം വാങ്ങുന്ന എൻജിനീയർമാർ മരാമത്തു വകുപ്പിൽ ഉള്ളപ്പോൾ എന്തിനാണു പുറത്തുനിന്നു കൺസൾട്ടന്റുമാരെ നിയമിക്കുന്നതെന്ന ഗണേഷ്കുമാറിന്റെ ചോദ്യമാണ് മന്ത്രിമാരെ ചൊടിപ്പിച്ചിരിക്കുന്നത്.
റോഡ് വികസനത്തിനു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിന്നതിനാൽ അമ്മയെ അവസാനമായി ഒരു നോക്കു കാണാനായില്ലെന്നു വികാര നിർഭരനായി നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. വെഞ്ഞാറമൂട്ടിൽ മേൽപാലം വേണമെന്ന ആവശ്യത്തിനു നിസ്സാര കാരണങ്ങൾ പറഞ്ഞു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്നും ഗണേഷ് ആരോപണം ഉയർത്തിയിരുന്നു.

Related posts

Leave a Comment