കിഫ്ബിയുടെ പേരിൽ ഭരണപക്ഷത്ത് തമ്മിൽ തല്ല്

*മന്ത്രിമാരുടെ മറുപടിയിൽ ചേരിപ്പോര്

തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെ മെല്ലോപ്പോക്കിനെതിരേ നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ രംഗത്ത്. കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ ആഞ്ഞടിച്ച കെ.ബി ഗണേഷ്കുമാറാണ് ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മൂലം പത്തനാപുരത്ത് 2016ൽ ആരംഭിച്ചത് ഉൾപ്പെടെ നാലു റോഡുകളുടെ പണി പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ഇന്നലെ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചത്. മിടുക്കരായ ഉദ്യോഗസ്ഥർ ഉള്ളപ്പോൾ പൊതുമരാമത്ത് വകുപ്പിൽ എന്തിന് കൺസൾട്ടന്റുമാരെെന്നും ഗണേഷ് ചോദിച്ചു. ഗണേഷിന് പിന്തുണയുമായി സിപിഎം എംഎൽഎ എ.എൻ ഷംസീറും രംഗത്തെത്തി. പദ്ധതികൾ വേഗത്തിലാക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞെന്നു പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്തിനേയും കിഫ്ബിയേയും രണ്ടാക്കാൻ ശ്രമം നടക്കുന്നെന്നും ആരോപിച്ചു. അതേസമയം, സർവേയർമാരുടെ നിയമനത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ റവന്യൂ മന്ത്രി കെ. രാജൻ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ആരേയും കുറ്റപ്പെടുത്താനല്ലെന്നും സർക്കാരിന്റെ അഭിമാനമായ കിഫ്ബിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടാനാണെന്നും ആമുഖമായി പറഞ്ഞാണ് ഗണേഷ് കുമാർ മെല്ലെപ്പോക്കിനെതിരേ ആഞ്ഞടിച്ചത്. 2016-17ൽ ആരംഭിച്ച റോഡുകൾ പൂർത്തിയായിട്ടില്ല. 2018-19ൽ അനുവദിച്ച റോഡുകളുടെ പണി തുടങ്ങിയിട്ടു പോലുമില്ല. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാൻ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് കുമാർ ചോദിച്ചു.  ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ അമ്മയുടെ മരണവുമായി ചേർത്തുവെച്ച് വിതുമ്പിയാണ് ഗണേഷ്കുമാർ കിഫ്ബിക്കെതിരെ ആഞ്ഞടിച്ചത്. സർവേയർമാരുടെ അപര്യാപ്തതയും ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി.
സർവേയർമാരുടെ പ്രശ്നം പൊതുവിൽ ഉള്ളതാണെന്നും ഗണേഷ്കുമാർ പറഞ്ഞത് പൊതുവികാരമായി കാണമെന്നും എ.എൻ ഷംസീറും ആവശ്യപ്പെട്ടു.
പരാതികളിൽ വസ്തുതയുണ്ടെന്നും എന്നാൽ ഗുണനിലാവരം ഉറപ്പാക്കാൻ കിഫ്ബി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ എല്ലാം മാറ്റാനാകില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. പദ്ധതികൾ വേഗത്തിലാക്കാൻ എല്ലാ മാസവും പൊതുമരാമത്ത്കി, ഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും. എന്നാൽ കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമരാമത്തിനേയും കിഫ്ബിയെയും രണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും  ഭരണപക്ഷ എംഎൽഎമാരെ ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞു.
ഇതിനിടെ, കൂടുതൽ സർവേയർമാരെ നിയോഗിക്കുമെന്ന മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് റവന്യൂ മന്ത്രി കെ. രാജൻ രംഗത്തെത്തി. സർവേ ഉദ്യോഗസ്ഥരെ സ്വതന്ത്ര സംവിധാനത്തിലേക്ക് നൽകാൻ കഴിയില്ലെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി. താൻ പറഞ്ഞത് റവന്യൂമന്ത്രി ശരിയായി മനസ്സിലാക്കാത്തതാണെന്നും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുതന്നെ സർവേയർമാരെ എടുക്കണമെന്നാണ് പറഞ്ഞതെന്നും വിശദീകരിച്ച് ഒടുവിൽ മുഹമ്മദ് റിയാസ് തലയൂരുകയായിരുന്നു.

Related posts

Leave a Comment