കിഫ്ബി: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍


കല്‍പ്പറ്റ: കിഫ്ബിയുമായി ബന്ധപ്പെട്ട സി എ ജിയുടെ സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ മാധ്യമവാര്‍ത്തയായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി വി ഡി സതീശന്‍. യു ഡി എഫ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ മാത്രമല്ല, നിയമസഭക്ക് മുന്നില്‍ വെച്ചിരിക്കുന്ന സി എ ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലും കിഫ്ബിയെ കുറിച്ച് യു ഡി എഫ് നിരന്തരമായി ഉന്നയിക്കുന്ന കാര്യങ്ങളാണുള്ളത്. കിഫ്ബിയിലെ സുതാര്യമല്ലാത്ത ബാങ്കിടപാടുകള്‍, പിന്‍വാതില്‍നിയമം എന്നിവയെല്ലാം യു ഡി എഫ് നിയമസഭയില്‍ ഉന്നയിച്ച വിഷയങ്ങളാണ്. 9.72 ശതമാനം പലിശക്ക് പണമെടുത്ത് ന്യജനറേഷന്‍ ബാങ്കില്‍ ആറും, ഏഴും ശതമാനം പലിശക്ക് ഇട്ടിരിക്കുകയാണ്. ഇത് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനെകുറിച്ചെല്ലാം ധനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഫൈനല്‍ റിപ്പോര്‍ട്ട് ആയിട്ടില്ലെന്നാണ് മറുപടിയെങ്കില്‍ അത് പറയാനെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ യു ഡി എഫ് കമ്മിറ്റിയെ വെച്ച് പഠിച്ച് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ഉത്കണ്ഠ അറിയിച്ചതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക, സാമൂഹികാഘാത പഠനങ്ങളൊന്നും നടത്തിയിട്ടില്ല. സാമ്പത്തികമായും പദ്ധതി പ്രായോഗികമല്ല. പദ്ധതിക്കായി 64000 കോടി രൂപയാണ് കണക്കാക്കുന്നതെങ്കില്‍, നീതി ആയോഗ് 1.24 ലക്ഷം കോടി രൂപ വരെ ആയേക്കുമെന്നാണ് പറയുന്നത്. കെ റെയിലിന്റെ കാര്യത്തില്‍ അപ്രായോഗികവും, അശാസ്ത്രീയവുമായ നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മഴ ഒരു ദിവസം നിര്‍ത്താതെ പെയ്താല്‍ വെള്ളം പൊങ്ങുന്ന കേരളത്തില്‍ ഇതുപോലൊരു പദ്ധതി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി പ്രകാരം 300 കിലോമീറ്റര്‍ ദൂരത്തില്‍ 30 അടി ഉയരത്തില്‍ കോട്ടകെട്ടേണ്ട സാഹചര്യമാണുള്ളത്. മറ്റിടങ്ങളില്‍ പത്തടി മുതല്‍ 30 അടി വരെ ഉയരത്തില്‍ മതില്‍ പണിയണം. ഇത് തന്നെ ഒരു ഡാമായി മാറുന്ന സാഹചര്യമാണുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന് പകരമായി അഞ്ചിലൊന്ന് തുക വേണ്ടാത്ത, പതിനഞ്ചിലൊന്ന് സ്ഥലം വെണ്ടാത്ത പദ്ധതികള്‍ യു ഡി എഫ് മുന്നോട്ടുവെച്ചിട്ടുണ്ടെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സതീശന്‍ പറഞ്ഞു.

Related posts

Leave a Comment