കിഫ്ബി അഴിമതികളെക്കുറിച്ച് അന്വേഷിക്കണം: വി.ഡി. സതീശൻ

കാസർ​ഗോഡ്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ അതീവ ​ഗുരുതരമായി ബാധിക്കുന്ന കിഫ്ബി ഇടപാടുകളെക്കുറിച്ച് സമ​ഗ്രമായി അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസർ​ഗോട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയെക്കുറിച്ച് അതീവ ​ഗുരുതരമായ ആരോപണങ്ങളാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഉന്നയിക്കുന്നത്. നിയമസഭയിൽ വച്ച ‌റിപ്പോർട്ടിനു പുറമേ, സ്പെഷ്യൽ റിപ്പോർട്ട് സംബന്ധിച്ചുള്ള വിവരങ്ങളും വിവരാവകാശ രേഖകൾപ്രകാരം പുറത്തു വന്നിരിക്കുന്നു. ഈ റിപ്പോർട്ടുകൾ എന്തിനാണു സർക്കാർ പൂഴ്ത്തിവച്ചതെന്ന് വ്യക്തമാക്കണം.
റോഡ് സെസ് ഇനത്തിൽ പിരിച്ചെടുത്തതും പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതിയും ഉൾപ്പെടെ അയ്യായിരം കോടി രൂപ സർക്കാർ കിഫ്ബിക്കു നൽകി. മസാല ബോണ്ട് അടക്കമുള്ള ഇനങ്ങളിൽ 9.72 ശതമാനം നിരക്കിൽ പലിശയ്ക്കു പണം കടമെടുത്തും നൽകി. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപ്പാടെ തകർത്ത്, കിഫ്ബിയിൽ നടത്തിയ അഴിമതി, ധൂർത്ത്, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് കൺവീനർ എം.എം. ഹസൻ, രാജ് മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related posts

Leave a Comment