ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റം ജനങ്ങളുടെ ആഗ്രഹമല്ല രാഷ്ട്രീയ കളിയാണെന്ന് ശിവസേന

മുംബൈ: രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം, ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണെന്ന് ശിവസേന. രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാൻ ചന്ദിന്റെ പേര് നൽകുന്നത് വലിയ അംഗീകാരമല്ല. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകാൻ, ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും ശിവസേന മുഖപത്രമായ സാമ്ന അതിന്റെ മുഖപ്രസംഗത്തിൽ ചോദിച്ചു.

അന്തരിച്ച പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തനങ്ങളുടെ ഇരകളാണെന്ന് സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ രാജ്യത്തിന്റെ വികസനത്തിൽ അവർ നൽകിയ ത്യാഗങ്ങളെ അവഗണിക്കാൻ കഴിയില്ലെന്നും സാമ്ന ഓർമിപ്പിച്ചു. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന എന്നാക്കി മാറ്റുന്നത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണെന്നും സ്മാനയിൽ പറയുന്നു.

രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ മേജർ ധ്യാൻ ചന്ദിനെ ആദരിക്കാമായിരുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്കാരവും നഷ്ടപ്പെട്ടു. സ്വർഗത്തിലിരിക്കുന്ന ധ്യാൻ ചന്ദിനെ ഇത് ദുഖിപ്പിക്കുമായിരിക്കും. മോദി സർക്കാർ അവാർഡിന്റെ പേര് മാറ്റിയതുകൊണ്ട് മുൻ സർക്കാരുകൾ ധ്യാൻ ചന്ദിനെ മറന്നു എന്നല്ല അർത്ഥമാക്കുന്നത്. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത രാജീവ് ഗാന്ധിയുടെ പേര് മാറ്റി തന്റെ പേര് അവാർഡിന് ഉപയോഗിക്കുന്നത് ധ്യാൻചന്ദിന് നൽകുന്ന വലിയ അംഗീകാരമല്ലെന്നും അവർ പറഞ്ഞു.

രാജീവ് ഗാന്ധി എപ്പോഴെങ്കിലും ഒരു ഹോക്കി സ്റ്റിക്ക് കൈയിൽ പിടിച്ചിട്ടുണ്ടോ എന്ന് ചില ബിജെപി നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് സർദാർ പട്ടേലിന്റെ പേര് മാറ്റി സ്വന്തം പേരിടാൻ നരേന്ദ്ര മോദി ക്രിക്കറ്റിനായി എന്താണ് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും സാമ്ന പരിഹസിച്ചു.

രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരം ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിനോടുള്ള ബഹുമാനാർഥം പുനർനാമകരണം ചെയ്തിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഖേൽ രത്ന പുരസ്കാരത്തിന്റെ ധ്യാൻ ചന്ദിന്റെ പേര് നൽകണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി അഭ്യർത്ഥനകൾ ലഭിച്ചതായി പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Related posts

Leave a Comment