‘ഖലിസ്താനി’ പരാമർശം ; കങ്കണയെ ഡൽഹി നിയമസഭാ സമിതി വിളിച്ചുവരുത്തും; നോട്ടീസ് നൽകി

ന്യൂഡൽഹി: സിഖ് വിഭാഗത്തിനെതിരെ വിവാദ പരാമർശം നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ഡൽഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും. ഡിസംബർ ആറിന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഹാജരാകാൻ റണാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയുടെ പീസ് ആന്റ് ഹാർമണി പാനൽ ആണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സിഖുകാരെ ഖലിസ്താനി ഭീകരർ എന്ന് വിശേഷിപ്പിച്ച്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ, കങ്കണ നവംബർ 20-ന് അപ്‌ലോഡ് ചെയ്ത പോസ്റ്റ് അപകീർത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികൾ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസിൽ സമിതി ചൂണ്ടിക്കാട്ടി. കങ്കണയുടെ പരാമർശം സിഖ് സമുദായത്തിന് മുറിവേൽപ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാണെന്നും നോട്ടീസിൽ പറയുന്നു.
സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമർശം നടത്തിയതിന്റെ പേരിൽ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ പരാതിയിൽ കങ്കണയ്‌ക്കെതിരെ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തെ ഒരു ഖലിസ്താനി ഗൂഢാലോചനയായി ചിത്രീകരിക്കുകയും പ്രതിഷേധിക്കാരെ ഖലിസ്താൻ ഭീകരർ എന്ന് വിളിക്കുകയും ചെയ്തത് ബോധപൂർവമാണെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ സിഖുകാരെ ഖലിസ്താനികളെന്ന് വിശേഷിപ്പിച്ചത്.

Related posts

Leave a Comment