കേശവദാസപുരം മനോരമ വധക്കേസ് : പിന്നിൽ നിന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി ആദം അലിയുടെ കുറ്റ സമ്മതം

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധ കേസിലെ പ്രതി ആദം അലി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി. താളിയുണ്ടാക്കാൻ ചെമ്പരത്തി പൂ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കനത്ത സുരക്ഷയിൽ പ്രതിയുമായി സംഭവസ്ഥലത്ത് അന്വേഷണ സംഘം എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. പ്രതിയെ ആദ്യം എത്തിച്ചത് മനോരമയെ കൊന്ന് കെട്ടി താഴ്ത്തിയ കിണറ്റിനടുത്താണ്. പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച പ്രതി കൊലപാതകത്തിന് ശേഷം കത്തി വീടിന്‍റെ ഓടയിലേക്ക് എറിഞ്ഞതായി പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് പുറത്തെ ഓടയിൽ നിന്ന് കൊലക്കത്തി കണ്ടെടുക്കുകയായിരുന്നു.

Related posts

Leave a Comment