യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി

ലക്നോ: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നലെയാണ് പുറത്തിറങ്ങാനായത്. ഇന്നു രാവിലെ 11ന് നെടുമ്പാശേരി എയർപോർട്ടിൽ ഇവർ എത്തിച്ചേരും.

ലഖ്‌നോ അഡീഷനല്‍ ജില്ലാ 17 ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് വേണ്ടി അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവര്‍ ഹാജരായി. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്. യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെയാണ് കള്ളക്കേസ് ചുമത്തി തടവിലാക്കിയത്.

ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേരെ ജയിലലടച്ചത്. സെപ്തംബര്‍ 27 മുതല്‍ ഇവര്‍ റിമാന്റില്‍ കഴിയുകയായിരുന്നു
യോഗി ഭരണകൂടത്തിന്റെ പോലിസ് രാജിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലയാളി കുടുംബങ്ങളെ അറസ്റ്റ് ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നു.

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവായ റഊഫ് ശരീഫും യോഗി സര്‍ക്കാരിന്റെ ഭരണകൂടവേട്ടയുടെ ഇരയാണ്. യുപി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലില്‍ കഴിയുന്നത്. ഇവരിലേറെയും മുസ്‌ലിംകളാണ്. എന്തിനാണ് തങ്ങളെ ജയിലിലടച്ചത് എന്നുപോലും അറിയാതെ ജയിലില്‍ കഴിയുന്നവരും നിരവധിയാണ്.

Related posts

Leave a Comment