മലയാളി താരം എൽദോസ് പോൾ ലോക അത്‌ലറ്റിക്ക് ട്രിപ്പിൾ ജംപ് ഫൈനലിൽ

ഒറിഗോൺ: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി മലയാളി താരം എൽദോസ് പോൾ ട്രിപ്പിൾ ജംപ് ഫൈനലിൽ. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് എൽദോസ് പോൾ ഇന്ന് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിൽ 16.68 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് പോൾ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ മത്സരിച്ച എൽദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളിൽ പന്ത്രണ്ടാമനായാണ് എൽദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ താണ്ടിയ 16.99 മീറ്ററാണ് എൽദോസിൻറെ ഏറ്റവും മികച്ച ദൂരം.
വിസ പ്രശ്നങ്ങൾ കാരണം ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എൽദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എൽദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യൻസമയം രാവിലെ 6.50നാണ് ട്രിപ്പിൾ ജംപ് ഫൈനൽ. എൽദോസിനൊപ്പം ട്രിപ്പിൾ ജംപിൽ മത്സരിച്ച അബ്ദുള്ള അബൂബക്കറിനും പ്രവീൺ ചിത്രവേലിനും ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ പ്രവീൺ ചിത്രവേൽ 16.49 മീറ്ററും അബ്ദുള്ള അബൂബക്കർ 16.45 മീറ്ററുമാണ് ചാടിയത്. ചിത്രവേൽ ഗ്രൂപ്പ് എയിൽ എട്ടാമതും ആകെ മത്സരിച്ചവരിൽ പതിനേഴാമതുമായപ്പോൾ ഗ്രൂപ്പ് ബിയിൽ മത്സരിച്ച അബ്ദുള്ള അബൂബക്കർ പത്താമതും ആകെ മത്സരിച്ച താരങ്ങളിൽ പത്തൊമ്പതാമതും ആയാണ് ഫിനിഷ് ചെയ്തത്. 17.05 മീറ്റർ ദൂരം ചാടുന്നവരോ മികച്ച പന്ത്രണ്ട് സ്ഥാനക്കാരോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക.

Related posts

Leave a Comment