യൂണിവേഴ്സിറ്റി കോളേജ് ആവർത്തിക്കുന്നു ; കേരളവർമ്മയിലും എസ്‌ എഫ് ഐ കാടത്തം ; അമർഷം പുകയുന്നു

തൃശൂർ : കേരളവർമ്മ കോളേജിൽ എസ്എഫ്ഐ മനുഷ്യത്വരഹിതമായി വിദ്യാർത്ഥികളോട് നിരന്തരം ഇടപെടുന്നതായി പരാതി കുറെനാളുകളായി വ്യാപകമായിരുന്നു. ഏറെ നാളുകളായി എസ്എഫ്ഐയുടെ ആക്രമം സഹിച്ചിരുന്ന വിദ്യാർത്ഥികൾ പരിധിവിട്ട് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജിനുള്ളിൽ എസ്എഫ്ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും വിദ്യാർഥികളെ അകാരണമായി തല്ലിച്ചതച്ചത് ആണ് വിദ്യാർത്ഥികളിൽ രോഷം സൃഷ്ടിച്ചത്.യൂണിവേഴ്സിറ്റി കോളജിനു സമാനമായ സാഹചര്യം തന്നെയാണ് കേരളവർമ്മ കോളേജിലുമുള്ളത്. എസ്എഫ്ഐയുടെ നിയമങ്ങൾക്കനുസൃതമായി മുഴുവൻ വിദ്യാർഥികളും നിലകൊള്ളണമെന്നും അതിനു വിപരീതമായി പ്രവർത്തിക്കുന്ന വിദ്യാർഥികളെ ആക്രമിച്ചും ഒറ്റപ്പെടുത്തിയും പീഡിപ്പിക്കുകയാണ് പതിവ്. വിദ്യാർഥിനികളെ ഉൾപ്പെടെ നിർബന്ധിച്ച് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യവുമുണ്ട്.ഒട്ടേറെ മഹാന്മാരെ സംഭാവന ചെയ്ത കേരളത്തിലെ പ്രധാനപ്പെട്ട ഒരു കലാലയത്തെ എസ്എഫ്ഐ ഗുണ്ടാ വാഴ്ചയ്ക്ക് ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. തുടർച്ചയായി അക്രമം നേരിട്ട ഒരു കൂട്ടം വിദ്യാർത്ഥികളാണ് എസ്എഫ്ഐ ക്കെതിരെ രംഗത്തുവന്നത്. ഇൻസ്റ്റഗ്രാം ലൈവിലൂടെ എസ്എഫ്ഐയുടെ അക്രമം വിവരിച്ച വിദ്യാർത്ഥികൾ അക്രമത്തിന്റെ ദൃശ്യവും പങ്കുവെക്കുകയുണ്ടായി. എസ്എഫ്ഐയുടെ ഇംഗിതത്തിന് വഴങ്ങാത്തവരോട് പക വെക്കുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യാറുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിദ്യാർഥികളുടെ ലൈവ് വീഡിയോ ഒട്ടേറെ പേരാണ് ഏറ്റെടുത്തത്. എസ്എഫ്ഐയെ കടുത്ത ഭാഷയിലാണ് പലരും വിമർശിച്ചത്. മുൻ എസ്എഫ്ഐ പ്രവർത്തകരും വിമർശനങ്ങളുമായി രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി വിശദീകരണം പുറത്തിറക്കിയെങ്കിലും അത് ന്യായീകരണം ആണെന്നും എസ്എഫ്ഐയുടെ വിദ്യാർത്ഥി വിരുദ്ധ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പുറത്തുവരുമെന്നും വിദ്യാർഥികൾ പ്രതികരിച്ചു.

Related posts

Leave a Comment