മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണം ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട നടപടികള്‍ ഭാഗികമായി മരവിപ്പിക്കുന്ന രീതിയിലുള്ളതാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്. മരംമുറി തങ്ങള്‍ അറിയില്ലെന്നും തങ്ങളുടെ അറിവോ അനുമതിയോ മരംമുറിക്കിലിനു ഇല്ലായിരുന്നുവെന്നുള്ള വനംമന്ത്രിയുടെ വിശദീകരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനവും സംശയാസ്പദമാണ്.
ഉദ്യോഗസ്ഥന്മാരെ കുറ്റവാളികളാക്കി രാഷ്ട്രീയനേതൃത്വത്തെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതാണ് സര്‍ക്കാരിന്റെ നയം. വനം ചീഫ് കണ്‍സര്‍വേറ്ററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമായിരുന്നു വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. എല്ലാ വീഴ്ചകളും ഉദ്യോഗസ്ഥന്മാരുടെ തലയിലിട്ട് തടിയൂരുകയാണ് മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെയോ മന്ത്രിയുടെയോ ഓഫീസ് അറിയാതെ ഉദ്യോഗസ്ഥന്മാര്‍ മാത്രം ഇത്തരം വന്‍ പ്രത്യാഘാതം പ്രതീക്ഷിക്കുന്ന നടപടിക്ക് ധൈര്യപ്പെടില്ല. ഉത്തരവിന് പിന്നില്‍ ആരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം. വിശ്വാസ്യയോഗ്യമല്ലാത്ത വാദങ്ങളിലൂടെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകളെ ഇത് ദുര്‍ബലപ്പെടുത്തും. കേരളത്തിന് ഭാവിയില്‍ തിരിച്ചടി ഉണ്ടാകുന്ന വിധത്തിലാണ് മരംവെട്ടിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥ ഭരണമാണ് സെക്രട്ടറിയേറ്റില്‍ നടക്കുന്നത്. പുലിയെന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയന്‍ പൂച്ചപോലുമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥഭരണം തെളിയിക്കുന്നു. മരംമുറി സംഭവത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും ഉത്തരവാദികളായ ഒരുവിഭാഗം ഉദ്യോഗസ്ഥരം സംരക്ഷിക്കാനും മറ്റൊരു വിഭാഗത്തെ ശിക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ പരിസരത്തെ മരംവെട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യജീവി ബോര്‍ഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണ്. ഈ അനുമതി വാങ്ങിയിട്ടാണോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയത്. കേന്ദ്രത്തിലെ രണ്ട് സ്ഥാപനങ്ങളുടെ അനുമതി ഉണ്ടായിരുന്നുവെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. മന്ത്രിമാരെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ധിക്കാരം പൊറുപ്പിക്കാന്‍ പിണറായി വിജയന്‍ എന്ന ഇരട്ട ചങ്കുള്ള നേതാവിന് സാധിക്കാതെപോയത് അദ്ദേഹത്തിന്റെ ശേഷിക്കുറവ് തന്നെയാണ്. സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും കെടുകാര്യസ്ഥതക്ക് മറ്റൊരു ഉദാഹരണമായിരുന്നു മുട്ടില്‍ മരംമുറി കേസ്. മുട്ടില്‍ കേസില്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അന്ന് പ്രഖ്യാപിച്ച വനംമന്ത്രി പിന്നീട് യാതൊന്നും അതേക്കുറിച്ച് പറയുകയുണ്ടായില്ല. അതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാവില്ലെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അണക്കെട്ട് ഭൂചലന സാധ്യതയുള്ള പ്രദേശത്താണ്. ഇതിനുപുറമെ ചോര്‍ച്ചയുമുണ്ട്. 1979ലും 2013ലും ഉണ്ടായ നേരിയ ഭൂചലനങ്ങള്‍ അണക്കെട്ടിന് വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. 125 വര്‍ഷം മുമ്പ് നിര്‍മ്മാണത്തിനുപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മ്മാണച്ചട്ടവുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ട് തകര്‍ന്നാല്‍ 40 ലക്ഷം പേരുടെ ജീവന് ഭീഷണിയാകും. ഇത്തരം അപകടസാധ്യതയും സുപ്രീംകോടതിയിലെ കേസും സര്‍ക്കാരിനെ ബാധിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകള്‍. മരംമുറിയെക്കുറിച്ച് അനേകം ദുരൂഹതകള്‍ ഉള്ളപ്പോള്‍ അത് വ്യക്തമാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.

Related posts

Leave a Comment