സ്റ്റാലിന്‍ തന്നെ സ്റ്റാര്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ശീലങ്ങളെയും കീഴ്‌വഴക്കങ്ങളെയും മാറ്റിമറിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍. രാഷ്ട്രീയ പകയോടുകൂടിയ പ്രവര്‍ത്തനങ്ങളായിരുന്നു ഇന്നേവരെ തമിഴ്‌നാട് ദര്‍ശിച്ചിട്ടുള്ളത്. കരുണാനിധി മുഖ്യമന്ത്രിയായാല്‍ ജയലളിതയ്‌ക്കെതിരെ അഴിമതി അന്വേഷണം, ജയലളിത മുഖ്യമന്ത്രിയായാല്‍ കരുണാനിധിക്കും കുടുംബത്തിനും എതിരെ കേസ് തുടങ്ങിയ പകയോടുകൂടിയ നടപടികളായിരുന്നു ദ്രാവിഡകക്ഷികള്‍ പിന്തുര്‍ന്ന് പോന്നത്. സാമ്പത്തികവും സാമൂഹ്യവുമായ നവീകരണങ്ങളാണ് സ്റ്റാലിന്‍ കാഴ്ചവെയ്ക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പളനിവേല്‍ ത്യാഗരാജന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധനെ ധനമന്ത്രിയാക്കിക്കൊണ്ടായിരുന്നു സ്റ്റാലിന്റെ തുടക്കം. കോവിഡ് കാലത്ത് സൗജന്യ വാക്‌സിനും ചികിത്സയും നല്‍കിക്കൊണ്ട് സ്റ്റാലിന്‍ തുടക്കം ഗംഭീരമാക്കി. ഇതിനുപുറമെ ഓരോ റേഷന്‍ കാര്‍ഡിനും 4000 രൂപ സഹായമായി നല്‍കി. കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്ക് 23,000 രൂപയും സഹായമായി പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണേതര പൂജാരികളെ നിയമിച്ചുകൊണ്ട് സ്റ്റാലിന്‍ വലിയൊരു നവോത്ഥാനത്തിന് തുടക്കം കുറിച്ചു. പാഠപുസ്തകങ്ങളില്‍ പ്രശസ്തരുടെ പേരിന് പിന്നിലുള്ള ജാതിവാല്‍ സ്റ്റാലിന്‍ മുറിച്ചുകളഞ്ഞു. രാഷ്ട്രീയത്തിലെ ഹീനമായ വിധേയത്വം അവസാനിപ്പിക്കാന്‍ അദ്ദേഹം നടപടിയെടുത്തു. തന്നെ വാഴ്ത്തുന്ന എല്ലാ സ്തുതിവചനങ്ങളെയും അദ്ദേഹം വിലക്കി. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ബാഗുകളില്‍ തന്റെയോ പിതാവ് കരുണാനിധിയുടെയോ ചിത്രം പതിപ്പിക്കുന്ന സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ തന്റെയും മറ്റ് മന്ത്രിമാരുടെയും വാഹനത്തിന് ആവശ്യത്തിലധികം അകമ്പടി കാര്‍ ഉപയോഗിക്കുന്നത് അദ്ദേഹം തടഞ്ഞു. മുന്നറിയിപ്പ് കൂടാതെ ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശിക്ഷാനടപടികളുടെ ചാട്ടവാര്‍ ഉയര്‍ത്തി സ്റ്റാലിന്‍ പുതുമ സൃഷ്ടിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കിയത് സ്റ്റാലിനെ ജനപ്രിയ നേതാവാക്കി ഉയര്‍ത്തി. ജാതിക്കെതിരെയുള്ള സ്റ്റാലിന്റെ പോരാട്ടം ആത്മാര്‍ത്ഥതയുള്ളതാണെന്നും അദ്ദേഹം തെളിയിച്ചു. മാമല്ലപുരത്തെ ക്ഷേത്രത്തില്‍ അന്നദാനത്തിനെത്തിയ അശ്വതി എന്ന യുവതിയെയും മകനെയും പന്തിയില്‍ നിന്ന് പുറത്താക്കിയത് ഏവരെയും നോവിച്ച സംഭവമായിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. അശ്വതിയുടെ കൂരയില്‍ പോയി നേരിട്ട് ക്ഷമ ചോദിച്ചു. അനുപമമായ നടപടികളിലൂടെ സ്റ്റാലിന്‍ ഏഴകളുടെ തോഴനാണെന്ന തോന്നല്‍ സമൂഹത്തില്‍ സൃഷ്ടിച്ചു. പട്ടയം, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ സബ്‌സിഡികള്‍ എന്നിവ ലഭിക്കാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് അദ്ദേഹം യാതൊരു തടസ്സവും കൂടാതെ അവ അനുവദിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനമാണ് ഹ്രസ്വമായ കാലയളവില്‍ സ്റ്റാലിന്‍ കാഴ്ചവെച്ചത്. അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമുള്ള നടപടികളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ഇരമ്പിക്കയറുകയായിരുന്നു. ജാതിപ്പകയും വിദ്വേഷവും നിറഞ്ഞുനില്‍ക്കുന്ന തമിഴ് സമൂഹത്തില്‍ നിന്ദിതരുടെയും പീഡിതരുടെയും രക്ഷകനായാണ് സ്റ്റാലിന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.
അപ്രതീക്ഷിതമായ കനത്ത മഴയിലും പ്രളയത്തിലും വിറങ്ങലിച്ച തമിഴ്‌നാട്ടില്‍ ജനങ്ങളില്‍ പുതുമയും രക്ഷാബോധവും സൃഷ്ടിച്ചുകൊണ്ട് സ്റ്റാലിന്‍ നേരിട്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളായി മഴക്കോട്ടും ധരിച്ച് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്റ്റാലിന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ മറക്കാനാവാത്തതാണ്. ദിവസവും ദുരിതാശ്വാസ ക്യാമ്പും മെഡിക്കല്‍ സജ്ജീകരണങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് വിതരണം ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിക്ക് എത്രമാത്രം ജനകീയനും ജനപ്രിയനുമാകാമെന്ന് തെളിയിക്കുകയാണ് എം കെ സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രി.

Related posts

Leave a Comment