സാങ്കേതികരംഗത്തെ അടിമപ്പണി; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ലോകമെങ്ങും വളര്‍ന്ന് പന്തലിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരശൃംഖലയില്‍ ക്രൂരമായ തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. ജീവനക്കാരെ വ്യാപാര പങ്കാളിയെന്ന ആകര്‍ഷകമായ പദവിയിലേക്കാനയിച്ച് നിയമപരമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. തൊഴിലാളികളില്ലാത്ത തൊഴില്‍ പങ്കാളി എന്ന നിലയില്‍ സേവന-വേതന വ്യവസ്ഥകളൊന്നും ഉണ്ടായിരിക്കില്ല. ആകര്‍ഷകമായ വാഗ്ദാനങ്ങളിലൂടെ യുവാക്കളെയും യുവതികളെയും വലയിലാക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാരം. നാമമാത്രമായ ഈ പങ്കാളിത്ത പദവി കാരണം തൊഴിലാളികള്‍ക്ക് നല്‍കേണ്ട പ്രൊവിഡന്റ് ഫണ്ട്, ബോണസ്, ശമ്പള വര്‍ദ്ധനവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരിയുടെ മറവില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് തൊഴിലാളികളെ ഓണ്‍ലൈന്‍ കമ്പനികള്‍ പിരിച്ചുവിടുകയുണ്ടായി. നഷ്ടപരിഹാരമായി നല്‍കിയതാകട്ടെ 500 മുതല്‍ 700 രൂപ മാത്രം. ബിസിനസ് ചേംബര്‍ ഓഫ് അസോചം പ്രസിദ്ധീകരിച്ച പഠനപ്രകാരം ഗിഗ് സാമ്പത്തിക വ്യവസ്ഥ അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനേഴ് ശതമാനം വര്‍ധനവോടെ 33 ലക്ഷംകോടി രൂപയുടെ മൂല്യം കൈവരിക്കുകയും ചെയ്യും. ആഗോളതലത്തിലെ സാങ്കേതിക മേഖലയില്‍ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രയോഗിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഒരുങ്ങുകയാണ്. ഈ രംഗത്ത് ശക്തമായ ഇടപെടലുകളോ നിയമങ്ങളോ ഇല്ലാത്തതിനാല്‍ ചൂഷണം നിര്‍വിഘ്‌നം തുടരുകയാണ്. കോവിഡ് കാലത്തെ തൊഴില്‍ അസ്ഥിരതകള്‍ക്കും തൊഴില്‍ നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍പക്ഷത്തുനിന്നുള്ള അലസനയം ചൂഷണ പ്രവണത വര്‍ധിപ്പിക്കുകയാണ്. കോവിഡ് കാരണം ആഗോളതലത്തില്‍ 40 മില്യണ്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍നഷ്ടമുണ്ടായിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ യാതൊരു സഹായ പദ്ധതികളും ഉണ്ടായിട്ടില്ല. ഗിഗ് തൊഴില്‍ മേഖലയില്‍ എത്രപേര്‍ ജോലിയെടുക്കുന്നുവെന്ന് സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുമില്ല. കേന്ദ്രസര്‍ക്കാര്‍ 2020-ല്‍ കൊണ്ടുവന്ന സാമൂഹ്യ സുരക്ഷ കോവിഡിന്റെ ഗുണഫലങ്ങള്‍ ഗിഗ് തൊഴിലാളികള്‍ക്ക് ലഭ്യമായിട്ടില്ല. ഇതുമൂലം ഗിഗ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മഹാമാരി സംബന്ധമായ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിഗ് ജീവനക്കാരും ഓണ്‍ലൈന്‍ കമ്പനികളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം തൊഴിലാളികളും തമ്മിലുള്ള സാങ്കേതിക വ്യത്യാസത്തെ സംബന്ധിച്ച് പരിമിതമായ അറിവുപോലും ഭരണകൂടങ്ങള്‍ക്കില്ല. സുരക്ഷാ കോവിഡിന്റെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട രജിസ്‌ട്രേഷന്‍ നടപടികളില്‍ നല്‍കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇവ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുമോ എന്ന ആശങ്കകള്‍ വ്യാപകമാണ്. സമഗ്രമായ പ്രത്യേക നിയമ നിര്‍മ്മാണം ഈ രംഗത്ത് അനിവാര്യമാണ്. 2020-ല്‍ ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക നിയമ നിര്‍മ്മാണം അമേരിക്കയില്‍ നടത്തുകയുണ്ടായി. സ്ഥിരം തൊഴിലാളികളും താല്‍ക്കാലിക തൊഴിലാളികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിഗണിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടായിരുന്നു കാലിഫോര്‍ണിയയില്‍ നിയമം നടപ്പിലാക്കിയത്. ഈ നിയമം നടപ്പിലായതോടെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ശമ്പളത്തോടുകൂടിയുള്ള അവധി അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു തുടങ്ങി. ആയിരക്കണക്കിന് ഗിഗ് തൊഴിലാളികള്‍ അവകാശപോരാട്ടത്തിനിറങ്ങിയപ്പോള്‍ സര്‍ക്കാരിന് മാത്രമല്ല, കോടതികള്‍ക്കുപോലും കണ്ണുതുറക്കേണ്ടി വന്നു. കാലിഫോര്‍ണിയക്ക് ശേഷം ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും ഇതേ നിയമനിര്‍മ്മാണങ്ങള്‍ നടന്നു. ഇന്ത്യയില്‍ തൊഴില്‍ പരിഷ്‌കരണത്തിന് പകരം തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭേദഗതി ചെയ്യുകയാണ്. ഈ രംഗത്തെ ചൂഷണം നേരിടുന്നതില്‍ ശക്തമായ നിയമങ്ങള്‍ ഇല്ലാത്തിടത്തോളം അടിമപ്പണി തുടരുകതന്നെ ചെയ്യും.

Related posts

Leave a Comment