കേരളത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ

തിരുവനന്തപുരം: കേരളത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതൽ വാക്‌സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. അതേസമയം, ഇന്നലെ 5,04,755 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രി അവകാശപ്പെട്ടു. 3,41,753 പേർക്ക് ഒന്നാം ഡോസും 1,63,002 പേർക്ക് രണ്ടാം ഡോസും നൽകി. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസമായിരുന്നു ഇന്നലെ. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്‌സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ 1,753 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേർക്ക് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 52,123 പേർക്ക് വാക്‌സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്‌സിൻ നൽകിയെന്നും മന്ത്രി അവകാശപ്പെട്ടു.

Related posts

Leave a Comment