എസ്എഫ്ഐക്കാർ എംബിഎ തോറ്റു ; ജയിപ്പിക്കാനൊരുങ്ങി സർവകലാശാല വിവാദ നടപടിക്കെതിരെ വി.സിക്ക് പരാതി

തിരുവനന്തപുരം: എംബിഎ പരീക്ഷയിൽ പരാജയപ്പെട്ട മൂന്ന് എസ്എഫ്ഐക്കാരെ വിജയിപ്പിക്കാനായി വിചിത്ര നടപടിയുമായി കേരള സർവകലാശാല. രണ്ടു തവണ ഉത്തരക്കടലാസ് പുനർ മൂല്യനിർണയം നടത്തിയിട്ടും ജയിക്കാനുള്ളത്ര മാർക്ക് കിട്ടാത്തതിനാൽ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐ.എം.കെ) മൂന്ന് വിദ്യാർത്ഥികളെ ജയിപ്പിക്കാനായി മൂന്നാം തവണയും ഉത്തരക്കടലാസ് പുനഃപരിശോധിക്കാനാണ് സർവകലാശാലയുടെ തീരുമാനം.  എസ്എഫ്ഐയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. സാങ്കേതിക സർവകലാശാലയിൽ മുൻ വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിർദ്ദേശാനുസരണം മൂന്നാം തവണയും പുനർ മൂല്യനിർണയം നടത്തി ബി.ടെക് വിദ്യാർത്ഥിയെ ജയിപ്പിച്ചതിന്റെ ചുവടു പിടിച്ചാണ് കേരള സർവകലാശാലയും വിവാദ നടപടിക്ക് ഒരുങ്ങുന്നത്.
മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയിൽ തോറ്റ മൂന്നു വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനഃപരിശോധിക്കണമെന്നായിരുന്നു എസ്എഫ്ഐയുടെ ആവശ്യം. ഇതുപ്രകാരം എം.ബി.എ വകുപ്പ് മേധാവിയും  സിഎസ്എസ് വൈസ് ചെയർമാനും യോഗം ചേർന്നു. എസ്എഫ്ഐ നേതാവിനെയും യോഗത്തിൽ പങ്കെടുപ്പിച്ചു.  ഉത്തരക്കടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാൻ തീരുമാനിച്ചാണ്  യോഗം പിരിഞ്ഞത്.  യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് വൈസ് ചാൻസലർ ചെയർമാനായ അക്കാദമിക് കമ്മിറ്റിക്ക് പോലും യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നിരിക്കെയാണിത്.
ബിരുദാനന്തര പരീക്ഷകൾക്ക് രണ്ട് മൂല്യനിർണയമാണുള്ളത്. ആദ്യ  മൂല്യനിർണയം അതാതു വകുപ്പുകളിലെ  അധ്യാപകരും രണ്ടാം മൂല്യനിർണയം സർവകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിർണ്ണയങ്ങളിൽ ലഭിക്കുന്ന മാർക്കുകൾ പത്തു ശതമാനത്തിൽ കൂടുതലാണെങ്കിൽ മൂന്നാമത് മൂല്യനിർണയം നടത്താമെന്നാണ് വ്യവസ്ഥ. ഈ പരീക്ഷയിൽ തോറ്റ മൂന്ന് വിദ്യാർത്ഥികളുടെയും മൂല്യനിർണയത്തിലെ മാർക്കു വ്യത്യാസം പത്തു ശതമാനത്തിന് താഴെയാണ്. അതുകൊണ്ടുതന്നെ പുനഃപരിശോധന ചട്ടലംഘനവുമാണ്. അതേസമയം, സർവകലാശാല റെഗുലേഷന് വിരുദ്ധമായി തോറ്റ വിദ്യാർത്ഥികളുടെ   ഉത്തരാകടലാസുകൾ മൂന്നാം തവണയും പുനഃപരിശോധിക്കാനുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കേരളസർവകലാശാല വൈസ് ചാൻസലറോട്  ആവശ്യപ്പെട്ടു.

Related posts

Leave a Comment