വ്യാജ ഡിഗ്രികൾ സാധൂകരിക്കാൻ കേരള സർവകലാശാല സെനറ്റ് യോഗം ചേരുന്നു

തിരുവനന്തപുരം: രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്ക് നൽകിയ വ്യാജഡിഗ്രികൾ സാധൂകരിക്കുന്നതിനായി കേരള സർവകലാശാല അണിയറയിൽ നീക്കം തുടങ്ങി. വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിന് വേണ്ടിയെന്ന പേരിൽ ചട്ട നിർമാണം നടത്തിയാണ് സാധൂകരണത്തിന് വഴിയൊരുക്കുന്നത്. ചട്ട നിർമാണത്തിനായി സെനറ്റിന്റെ പ്രത്യേക യോഗം ഈമാസം 26-ന് ചേരുന്നുണ്ട്.2019ലാണ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ തോറ്റ 23 വിദ്യാർത്ഥികളെ പരീക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി വിജയിപ്പിച്ചത്. ഇതുസംബന്ധിച്ച് പിന്നീട് നടന്ന അന്വേഷണത്തിൽ പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് മാർക്ക്‌ തിരിമറി നടത്തിയതായി കണ്ടെത്തി. തുടർന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫീസറെ സർവകലാശാലയിൽ നിന്ന് പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും ബന്ധപ്പെട്ട രേഖകൾ സർവകലാശാല ഇതുവരെ കൈമാറിയിട്ടില്ല. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എം.ജി സർവകലാശാലയിൽ അദാലത്തിലൂടെ 123 ബിടെക് വിദ്യാർഥികളെ പാസ്സാക്കാൻ നൽകിയ നിർദേശം വിവാദമായപ്പോൾ ഡിഗ്രി നൽകാനുള്ള തീരുമാനം ഗവർണർ റദ്ദാക്കുന്നതിനു പകരം സർവകലാശാല തന്നെ റദ്ദാക്കിയ നടപടി ഹൈക്കോടതി തള്ളിക്കളഞ്ഞതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരള സർവകലാശാലയിൽ സംജാതമായിരിക്കുന്നത്. രണ്ടുവർഷം കഴിഞ്ഞിട്ടും തെറ്റായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ മടക്കി വാങ്ങാനോ സർവ്വകലാശാല തയ്യാറായില്ലെന്നത് ഗുണഭോക്താക്കളെ സർവകലാശാല സംരക്ഷിക്കുകയാണെന്ന ആരോപണത്തിന് ശക്തി പകരുന്നതിനിടയിലാണ് പുതിയ നീക്കങ്ങൾ. സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ ഡിഗ്രികൾ സെനറ്റിന്റെയും ഗവർണറുടെയും അനുമതിയോടെ പിൻവലിക്കാമെന്ന വ്യവസ്ഥയാണ് നിലവിലെ സർവകലാശാല നിയമത്തിലുള്ളത്. എന്നാൽ വ്യാജമായോ പിഴവ് മൂലമോ തയ്യാറാക്കുന്ന ഡിഗ്രികൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ആവശ്യമില്ലെന്നിരിക്കെ ഇത്തരം ഡിഗ്രികൾ പിൻവലിക്കുന്നതിന് പ്രത്യേക വ്യവസ്ഥ ചട്ടങ്ങളിൽ കൂട്ടിചേർക്കണമെന്നതാണ് സർവകലാശാലയുടെ ഇപ്പോഴത്തെ നിലപാട്. കൂട്ടിചേർക്കുന്ന പുതിയ വ്യവസ്ഥകൾ ഗവർണർ ഒപ്പു വയ്ക്കുമ്പോൾ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു. വ്യാജമായി നൽകപ്പെട്ട ഡിഗ്രികൾ സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഈ നിലപാട് സഹായകമാവും. നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നതിനാൽ തോറ്റ വിദ്യാർഥികൾക്ക് നൽകിക്കഴിഞ്ഞ ഡിഗ്രികൾസാധൂകരിക്കപ്പെടുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ വ്യാജമായി നൽകിയ ഡിഗ്രികൾ രണ്ടുവർഷമായിട്ടും റദ്ദാക്കാതെ സർവകലാശാല പുതിയ നിയമവ്യവസ്ഥകൾ കൂട്ടിച്ചേർക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ കുറ്റപ്പെടുത്തി.

Related posts

Leave a Comment