കേരള സർവകലാശാലയിലെ പെൻഷൻ പരിഷ്കരണ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം:  സംസ്ഥാനത്തെ സർവകലാശാലകളിലെ ഇരുപതിനായിരത്തോളം വരുന്ന  പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെ  സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ചുകൊണ്ട് കേരള സവകലാശാല പുറപ്പെടുവിച്ച ഉത്തരവ് വൈസ് ചാൻസലർ റദ്ദാക്കി. ഏറ്റവും കൂടുതൽ പെൻഷൻകാരും കുടുംബ പെൻഷൻകാരുമുള്ളതിനാൽ പെൻഷൻ വർധനയുടെ ബാധ്യത  ഏറ്റെടുത്താൽ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നിർദ്ദേശം അതേപടി നടപ്പാക്കികൊണ്ടുള്ള ഉത്തരവ്  റദ്ദാക്കിയത്.
 ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തോടൊപ്പം സർവകലാശാല പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല. കഴിഞ്ഞ മാസത്തെ മന്ത്രിസഭയാണ് പെൻഷൻ പരിഷ്കരിക്കാനുള്ള തീരുമാനം എടുത്തത്. സർവകലാശാലകൾ  തനത് വരുമാനത്തിൽ നിന്ന്  പെൻഷൻ പരിഷ്കരിക്കുന്നതിന്റെ അധിക ബാധ്യത കണ്ടെത്തണമെന്ന ധനകാര്യ മന്ത്രാലയത്തിന്റെ ശുപാർശ മന്ത്രിസഭാ അതേപടി അംഗീകരിക്കുകയായിരുന്നു.  സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സർക്കാരിന്റെ പെൻഷൻ പരിഷ്കരണ ഉത്തരവ് നടപ്പാക്കിയെങ്കിലും തീരുമാനം പുനപരിശോധിക്കനോ പെൻഷൻ കുടിശിക തടയാനോ ആണ് സാധ്യത.  സർവ്വകലാശാല പെൻഷൻ പരിഷ്കരണത്തിനുള്ള അധികചെലവ് ഗ്രാന്റീനത്തിൽ  സർവകലാശാലകൾക്ക് വർധിപ്പിച്ചുനൽകുന്ന രീതിയാണ് സർക്കാരുകൾ നാളിതുവരെ തുടർന്ന് വന്നിരുന്നത്. ‘കേരള’യ്ക്ക് പുറമെ ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള  കാലിക്കറ്റ്, കാർഷിക സർവകലാശാലകളെയും സർക്കാർ ഉത്തരവ് ദോഷകരമായി ബാധിക്കും.  പുതിയ സർവകലാശാലകളുടെ രൂപീകരണം നിലവിലെ സർവകലാശാലകളുടെ ആഭ്യന്തര വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുണ്ടാക്കിയിട്ടുണ്ട്. സർവകലാശാല ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ  വിവിധ തസ്തികകളുടെ പുതുക്കിയ ശമ്പള സ്കെയിലും അനുബന്ധ വിശദാoശങ്ങളും നിശ്ചയിച്ചിട്ടില്ലാത്തതും പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് തടസമാകും.

Related posts

Leave a Comment