കേരള സർവകലാശാലയിൽ പെൻഷൻ പരിഷ്കരണം ഉടനില്ല; സർക്കാരിന്റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് സിൻഡിക്കേറ്റ്


*അധ്യാപക നിയമനങ്ങൾ 2018ലെ യുജിസി ചട്ടപ്രകാരം നടത്തും
*ഓൺലൈൻ കോഴ്‌സുകൾ നടപ്പാക്കുന്നത് പഠിക്കാൻ ഉപസമിതി

തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തെ  തുടർന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർവ്വകലാശാലകൾ  തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കണമെന്ന സർക്കാരിന്റെ വിവാദ ഉത്തരവ്  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് രംഗത്ത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിക്കാനും ഇതിനായി സിൻഡിക്കേറ്റിന്റെ അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്താനും തീരുമാനമായി. ‌
2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെയാണ്  പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടത്. കേരള സർവകലാശാല ഒഴികെ സംസ്ഥാനത്തെ  മറ്റെല്ലാ സർവകലാശാലകളും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കി. സർക്കാർ ഉത്തരവ് നടപ്പാക്കി കൊണ്ട് നേരത്തെ കേരള വൈസ്ഉ ചാൻസലർ ഉത്തരവിട്ടിരുന്നുവെങ്കിലും സിൻഡിക്കേറ്റിന്റെ സമ്മർദ്ദത്തെ തുടർന്ന് വിസി തന്നെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേരള സർവകലാശാലയിൽ പെൻഷൻ പരിഷ്കരണത്തിന്  മതിയായ ഫണ്ടുള്ളതു കൊണ്ടാണ് തനത് ഫണ്ടിൽ നിന്ന് ചെലവിടാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ പെൻഷൻകാരുള്ളത് കേരള സർവകലാശാലയിലാണ്.
സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലൂടെ,പുതുതായി ഓൺലൈൻ ബിരുദ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠിച്ച് യുജിസിയുടെ അനുമതി വാങ്ങുവാൻ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി.
 2018ലെ യുജിസി റെഗുലേഷൻ പ്രകാരം സർവകലാശാലയിലെ അധ്യാപക നിയമനത്തിന് അപേക്ഷകരുടെ അക്കാദമിക് സ്കോർ പോയിന്റിന്റെ അടിസ്ഥാനത്തിൽ ഒരൂ തസ്തികയ്ക്ക് പരമാവധി 10 പേരെയും ഒന്നിൽ കൂടുതൽ തസ്തികകൾക്ക് അഞ്ച് പേരെ വീതം കൂടുതലായും ഇന്റർവ്യൂവിന് ക്ഷണിക്കാനും തുടർന്ന് ഇൻറർവ്യൂ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ  റാങ്ക് നിശ്ചയിക്കുവാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.  സർവകലാശാലാ തീരുമാനം എയ്ഡഡ് കോളേജ് മാനേജ്മെന്റുകളെ അറിയിക്കും. എന്നാൽ അക്കാദമിക് സ്കോർ പോയിന്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് ക്ഷണി ക്കുന്നവരുടെ എണ്ണം നിശ്ചയിക്കുവാൻ മാനേജ്മെന്റുകൾക്ക് അധികാരമുണ്ടായിരിക്കും. എയ്ഡഡ് കോളേജിലെ അധ്യാപക ഒഴിവുകൾ നികത്തുന്നത് സർവകലാശാല ഉത്തരവിനെ തുടർന്ന്  നിർത്തിവെച്ചിരിക്കുകയായിരുന്നു.

Related posts

Leave a Comment