സർവകലാശാലയെ വിസി നാണം കെടുത്തി, സിൻഡിക്കറ്റ് യോ​ഗം ഇന്ന്, കടുത്ത വിമർശനം ഉയരും

തിരുവനന്തപുരം:കേരള സ‍ർവകലാശാലയുടെ അടിയന്തിര സിൻഡിക്കറ്റ് യോഗം ഇന്ന് ചേരും. ​ഗവർണറും വൈസ് ചാൻസിലറും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ ഭിന്നതയുടെ സാഹചര്യത്തിലാണ് സിൻഡിക്കറ്റ് ചേരുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ ശുപാ‍ർശ കേരള സ‍ർവകലാശാല വൈസ് ചാൻസലർ തള്ളിയെന്ന വെളിപ്പെടുത്തൽ യോഗം ചർച്ച ചെയ്യും. ​ഗവർണറുടെ ശുപാർശ നിരസിച്ച് വിസി നൽകിയ കത്തിനെ അതിരൂക്ഷമായി ഗവർണർ വിമർശിച്ചിരുന്നു. ഇതിന്പിന്നാലെ ഗവർണർക്ക് നൽകിയ കത്ത് സമ്മർദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള വി.സി ഇന്നലെ പ്രസ്താവനയും ഇറക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

മനസ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി.സി വി പി മഹാദേവൻ പിള്ള പറഞ്ഞത്. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിൻറെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി വ്യക്തമാക്കിയിരുന്നു. ഇതു ​ഗവർണറെയും സംസ്ഥാന സർക്കാരിനെയും ഉദ്ദേശിച്ചാണെന്നാണ് വ്യാഖ്യാനം. ​ഗവർണറുടെ ശുപാർശ തള്ളിയത് വിസി സ്വന്ത നിലയ്ക്കെടുത്തതല്ല. ആവശ്യം നുരസിക്കണമെന്നത് സർക്കാർ തലത്തിലെടുത്ത രാഷ്‌ട്രീയ തീരുമാനമാണ്. അതുകൊണ്ടാണ് വിസിയുടെ മനസ് പതറിയതും കൈ വിറച്ചതും. കൂടുതൽ പ്രതികരിക്കാനില്ലെന്ന വിസിയുടെ തു‌റന്നു പറച്ചിൽ അദ്ദേഹത്തിനു സർക്കാരിനോടും അതിനു നേതൃത്വം നല്കുന്ന സിപിഎമ്മിനോടുമുള്ള വിധേയത്വം കൊണ്ടാണ്.

അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണം വേണമെന്ന അഭിപ്രായം സിൻഡിക്കറ്റ് അംഗങ്ങൾക്കുണ്ട്. യോഗത്തിൽ വിസിയുടെ വിശദീകരണവും സിൻഡിക്കറ്റ് തീരുമാനവും നിർണായകമാണ്. സിൻഡിക്കറ്റ് ചേരാതെയാണ് ഗവർണറുടെ ശുപാർശ തള്ളിയത് എന്നുള്ളതും വിവാദമായിരുന്നു. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റ് അറിയാതെ സർക്കാരിനെ അറിയിച്ചതും സർക്കാരിന്റെ രാഷ്‌ട്രീയ സമ്മർദത്തിനു വിസി വഴങ്ങിയത് സർവകലാശാലയുടെ സ്വയംഭരണാവകാശത്തിനേറ്റ തിരിച്ചടിയാണെന്നും ഒരു വിഭാ​ഗം സിൻഡിക്കറ്റ് അം​ഗങ്ങൾ വിലയിരുത്തുന്നു.

Related posts

Leave a Comment