കേരളത്തിലെ ഇരട്ടകളുടെ നാട്

കാഴ്ചയിൽ ഒരേ പോലെ രൂപ സാദൃശ്യമുള്ള ഇരട്ടകളെ സ്കൂളിലും ഓഫീസിലുമെല്ലാം സുഹൃത്തുക്കളായും ബന്ധുക്കളായിട്ടുമെല്ലാം പരിചയമുള്ളവരാണ് നമ്മളൊക്കെ. എന്നാൽ ഒരു ഗ്രാമത്തിലെ ഭൂരിഭാഗവും പേർ ഇരട്ടകൾ ആണെങ്കിലോ. ആ നാട് അന്വേഷിച്ച് വേറെ എവിടെയും പോകണ്ട. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണാ അദ്ഭുത ഗ്രാമം. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്തായി സ്ഥിതിചെയ്യുന്ന കൊടിഞ്ഞി ഇരട്ട പ്പെരുമയിലൂടെ ലോകശ്രദ്ധ കീഴടക്കിയ ഗ്രാമമാണ്.
2016ലെ കണക്കനുസരിച്ച് ഈ ഗ്രാമത്തിലെ ഇരട്ടക്കുട്ടികളുടെ എണ്ണം ആയിരത്തോളമെന്നാണ്. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തിന്റെ സത്യങ്ങൾതേടി പല രാജ്യാന്തര ശാസ്ത്ര സംഘങ്ങളും ഇവിടെയെത്തിയിട്ടുണ്ടെങ്കിലും വിശ്വാസയോഗ്യമായ ഒരു കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊടിഞ്ഞിയുടെ വഴികളിലൂടെ ഇരട്ടകൾ നടക്കുവാൻ തുടങ്ങിയത് മൂന്ന് തലമുറകൾ മുൻപാണ്. ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ 1949 ൽ ജനിച്ചവരാണ്. ഇന്ത്യയിൽ 1000 പ്രസവങ്ങൾ നടക്കുമ്പോൾ 4 ഇരട്ടകൾ എന്ന കണക്കാണെങ്കിൽ കൊടിഞ്ഞിയിൽ 1000 പ്രസവങ്ങൾ നടക്കുന്നതിൽ 45 ഉം ഇരട്ടകളാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 80ഓളം എണ്ണം ഉണ്ട്. ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു. എന്നാൽ കൊടിഞ്ഞിയിലേതിന് യാതൊരു ശാസ്ത്രീയ തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലോകത്തിൽ ഇരട്ടകളുടെ ജനനം ഏറെയാണെന്നു കണ്ടെത്തിയ നാലാമത്തെ ഗ്രാമമാണ് കൊടിഞ്ഞി. , ബ്രസീലിലെ കാനോഡിഫാ ഗോദോയ്, ദക്ഷിണ വിയറ്റ്നാമിലെ ഹുയാങ് ഹിയപ്പ് എന്നിവയാണ് മറ്റുള്ളസ്ഥലങ്ങൾ.ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കൊടിഞ്ഞിയ്ക്ക് ഗിന്നസ് ബുക്ക് റെക്കോർഡുകൾ സ്വന്തമാണ്. കൊടിഞ്ഞി കേന്ദ്രീകരിച്ച് ”ഗോഡ്സ് ഓൺ ട്വിൻസ് ടൗൺ” എന്ന പേരിൽ ഒരു സംഘടന തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ വിഷയത്തിൽ നാഷണൽ ജോഗ്രാഫിക് ഉൾപ്പെടെ വിവിധ സംഘടനകൾ ഇരട്ടകളുടെ ജനന രഹസ്യം അറിയാനായി എല്ലാവിധ പിന്തുണയുമായി മുൻപന്തിയിൽ തന്നെയുണ്ട്.
ഗ്രാമത്തിന്റെ പെരുമ കേട്ടറിഞ്ഞ നിരവധി പേർ ഇവിടെ എത്തി അദ്ഭുതത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും ഇരട്ടകൾ ഉള്ള കാഴ്ച ആലോചിക്കുമ്പോൾ തന്നെ നമുക്ക് അതിശയം തോന്നും.

Related posts

Leave a Comment