മലയാളികളിൽ ‘കുടി’ കൂടുന്നു; ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ആലപ്പുഴ ജില്ലയില്‍; ഇഷ്ടം റം.!

തിരുവനന്തപുരം: മലയാളികൾ കാര്യമായി മദ്യപിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ. ദേശീയ ശരാശരിയേക്കാൾ കൂടുതൽ മദ്യപർ കേരളത്തിലുള്ളതായാണ് റിപ്പോർട്ട്. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9 ശതമാനം ആണ്.

ജനസംഖ്യാനുപാത കണക്കിൽ ആലപ്പുഴ ജില്ലയിലാണ് കുടി കൂടുതൽ. ആലപ്പുഴയിലെ പുരുഷൻമാരിൽ 29 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണെന്നും കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2 ശതമാനം പേർ മാത്രമേ കുടിക്കു. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷൻമാർ മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4 ശതമാനം പുരുഷൻമാർ മദ്യപിക്കുന്നുണ്ട്.

സ്ത്രീകളുടെ മദ്യപാനം 0.6 ശതമാനമാണ്. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. ബ്രാൻഡി കഴിഞ്ഞാൽ അവിടെ റമ്മിനാണ് പ്രിയം. മൂന്നാംസ്ഥാനത്തുള്ള തൃശൂരിൽ 26.2 ശതമാനം പുരുഷൻമാരും മദ്യം ഉപയോഗിക്കുന്നുണ്ട്. 0.2 ശതമാനമാണ് മദ്യപരായ സ്ത്രീകളുടെ എണ്ണം. തൃശൂരുകാർക്കും ബ്രാൻഡിയാണ് ഇഷ്ടം. ഏറ്റവും കുറവ് മദ്യപാനികളുള്ളത് മലപ്പുറത്താണ്. അവിടെ 7.7 ശതമാനം പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി തന്നെയാണ്. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്: 1.2 ശതമാനമാണത്.. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ മദ്യപർ റമ്മിനോട് വലിയ താൽപ്പര്യം കാട്ടുന്നുവെന്നാണ് കണ്ടെത്തൽ.

Related posts

Leave a Comment