മൂന്നാം തരംഗം മുന്നിൽ ;ജാഗ്രതയില്ലെങ്കിൽ അപകടമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മൂന്നാം തരംഗം തൊട്ടുമുന്നിലെത്തിയെന്ന നിഗമനത്തിലെത്തിയ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി. രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ജാഗ്രത കൂട്ടിയില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം മുൻനിർത്തിയാണ് നിഗമനം. കേരളം ഇതുവരെ രണ്ടാം തരംഗത്തിൽ നിന്ന് മോചനം നേടിയിട്ടില്ല. ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുകയാണ്. ഇതിന് പുറമേ, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ പരമാവധിപേർക്ക് വാക്സിനേഷൻ പൂർത്തിയാക്കുകയെന്നതാണ് മൂന്നാം തരംഗം തടയാനുള്ള പോംവഴി. വാക്സിൻ ലഭ്യമാകുന്നതിലെ കാലതാമസമാണ് വാക്സിനേഷൻ പൂർത്തിയാക്കുന്നതിന് തടസമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മുഴുവൻ പേരിലും വാക്‌സിൻ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീർക്കണമെന്നും വാക്സിൻ എടുത്താലും മുൻകരുതലുകൾ തുടരണമെന്നുമാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്‌സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാൽ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങൾ ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനത്തിന്റെ പദ്ധതികൾ, സി.എസ്.ആർ. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ മന്ത്രി മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. ഇതിലൂടെ 77 മെട്രിക് ടൺ ഓക്‌സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും.
സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകളുടെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കോവിഡ് കേസുകളിലെ വർധനവും മൂന്നാം തരംഗവും മുന്നിൽ കണ്ട് മെഡിക്കൽ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതൽ ശേഖരം ഉറപ്പ് വരുത്താൻ വകുപ്പ് മേധാവികൾക്ക് മന്ത്രി നിർദേശം നൽകി. കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീ ഡയറക്ടർ ഡോ. ബിന്ദു മോഹൻ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Comment