വിദ്യാർത്ഥി അവകാശപോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച ഒരണസമരം ; ഇന്ന് ഓർമദിനം

1957 ലെ ഇ.എം.എസ് സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണ് ഒരണസമരം എന്നറിയപ്പെടുന്നത്. സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗതരംഗം ദേശസാൽക്കരിച്ചത്. ആലപ്പുഴ-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളായിരുന്നു. ബോട്ടുടമകളിൽ ഭൂരിഭാഗവും പ്രദേശത്തെ പ്രമാണിമാരും.ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്.വിദ്യാർത്ഥികൾ ദൂരത്തിനനുസരിച്ചുള്ള നിരക്ക് നൽകണമായിരുന്നു.

സർക്കാരിന്റെ നിരക്ക് വർദ്ധനവെന്ന തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ പ്രക്ഷോഭമാരംഭിച്ചു. 1958 ജൂലൈ 14 ന് ആണ് സമരം ആരംഭിച്ചത്. കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരത്തിനു തുടക്കം. ഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ് നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20,000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.

സമരത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷപാർട്ടികളും, രാഷ്ട്രീയമായി ഈ സമരത്തെ എതിരിടാൻ ഭരണപക്ഷ പാർട്ടിയും രംഗത്തിറങ്ങി. അതേ സമയം സമരത്തെ ചെറുക്കാൻ ഭരണപക്ഷ പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന് വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ജാഥയെ പാർട്ടിപ്രവർത്തകരും പോർട്ടർമാരും ആക്രമിച്ചു. ഇതിനെത്തുടർന്ന് സമരം പ്രതിപക്ഷപാർട്ടികൾ ഏറ്റെടുത്തു.സമരത്തിന്റെ നേതൃത്വം കോൺഗ്രസ്‌ വിദ്യാർത്ഥി സംഘടനയായ കെ എസ്‌ യു ആയിരുന്നു.വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെക്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.

കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കണം ബോട്ടുഗതാഗതനിരക്ക് എന്നതിൽ സമരക്കാർ ഉറച്ചു നിന്നു.സമരം തീർക്കാൻ ഗാന്ധീയനായ കെ .കേളപ്പൻ മുന്നോട്ടുവന്നു. അങ്ങനെ ആഗസ്റ്റ് നാലിന് സമരം അവസാനിച്ചു. കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടനയ്ക്ക് രാഷ്ട്രീയമയി വേരോട്ടമുണ്ടായ സമരമായി ഒരണസമരം മാറി.കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന സർക്കാരിനെ താഴെയിറക്കാൻ നടന്ന വിമോചനസമരത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനുള്ള സമര വാതിലായി ഒരണസമരം എന്ന് ഇ.എം.എസ് അക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നു.കെ എസ്‌ യു എന്ന സംഘടന കേരളത്തിൽ വേരുറപ്പിക്കുന്നതിനും പിന്നീട്‌ ഒരു കാലത്ത്‌ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ഒന്നായി മാറുന്നതിനും കരുത്ത് നൽകിയത്‌ ഈ സമരം തന്നെയാണ്.

Related posts

Leave a Comment