സ്വപ്നങ്ങളുടെ ചിറകരിയാൻ ഇതാ ഒരു സിവിൽ സർവീസ് അക്കാദമി; ക്രമക്കേടും ഗുണനിലവാരമില്ലായ്മയും വ്യാപകം

കോഴിക്കോട്: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ നടത്തിപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത്. സാധാരണക്കാരന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് പിന്തുണയേകി മികവിന്റെ കേന്ദ്രമാകേണ്ട സ്ഥാപനത്തിൽ മതിയായ യോഗ്യതയുള്ള അധ്യാപകർ പോലുമില്ലെന്ന ആരോപണങ്ങളാണ് സിവിൽ സർവീസ് പരിശീലനത്തിനായി ചേർന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. അക്കാദമിയിൽ നേരിടുന്ന വിവിധ പ്രതിസന്ധികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഒരു ഓൺലൈൻ യോഗത്തിന് പോലും ഡയറക്ടർ വിഘ്‌നേശ്വരി ഐ എ എസ് ഇതു വരെ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

അധ്യാപക തെരഞ്ഞെടുപ്പിനെതിരെയും പരാതി :

സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രധാന പരിശീലന പദ്ധതിയാണ് പ്രിലിംസ് ആന്റ് മെയിൻസ്. അക്കാദമിയിൽ 2021-22ലെ പ്രിലിംസ് ആന്റ് മെയിൻ ബാച്ചിലെ കുട്ടികൾക്ക് ക്ലാസുകൾ ആരംഭിച്ചതു മുതൽ അധ്യാപകരില്ലാത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തിന് പുറമെ പത്തോളം സബ് സെന്റുകളാണ് അക്കാദമിക്കുള്ളത്. ഇവയിൽ പല കേന്ദ്രങ്ങളിലും ആവശ്യത്തിന് അധ്യാപകർ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളുടെ നിരന്തരമായ പ്രയത്‌നങ്ങൾക്കൊടുവിൽ ഉന്നതവിദ്യാഭ്യസ മന്ത്രിയ്ക്ക് വരെ പരാതികൾ പോയതിന് പിന്നാലെ ഡിസംബറിലായിരുന്നു പുതിയ അധ്യാപകരെ നിയമിച്ചത്.യു പി എസ് സി മെയിൻ പേഴ്‌സണാലിറ്റി ടെസ്റ്റ് ഒരു തവണയെങ്കിലും അറ്റന്റ് ചെയ്ത വരെയാണ് സിവിൽ സർവീസ് പരിശീലനത്തിനായി സാധാരണയായി സ്വകാര്യ അക്കാദമികൾ വരെ നിയമിക്കുന്നത്. എന്നാൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് മൂന്ന് വർഷം ശ്രമം നടത്തിയെന്ന യോഗ്യത മാത്രമാണ് സർക്കാരിന് കീഴിലുള്ള ഈ അക്കാദമിയിൽ അധ്യാപകരായി തെരഞ്ഞെടുക്കുന്നതിനുള്ളതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത്തരത്തിൽ യു പി എസ് സി തലത്തിലുള്ള ക്ലാസുകൾ എടുക്കാൻ ഒരു യോഗ്യതയും ഇല്ലാത്തവരെ അധ്യാപരാക്കാനുള്ള അക്കാദമിയുടെ നടപടി വിചിത്രമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടികാട്ടുന്നു. മാത്രമല്ല ഇത്തരത്തിൽ റിക്രൂട്ട് ചെയ്ത അധ്യാപകരെ അവർക്ക് ധാരണയില്ലാത്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ചുരുക്കം ചില സബ് സെന്ററുകളിൽ മികച്ച അധ്യാപകരെ ലഭിച്ചിട്ടുണ്ട്. എന്നാൽ റിക്രൂട്ട് ചെയ്തവരിൽ എക്‌സ്പീരിയൻസ് ഇല്ലാത്ത അധ്യാപകരെ മാറ്റണമെന്ന ആവശ്യത്തെ അധികൃതർ ഇപ്പോഴും അവഗണിക്കുകയാണ്.പുതിയ ബാച്ചിന് ആദ്യഘട്ടം മുതൽ ഓൺ ലൈൻ ക്ലാസുകളാണ് ലഭിച്ചു വന്നിരുന്നത്. പരീക്ഷയ്ക്ക് അഞ്ച് മാസം മാത്രമുള്ളപ്പോഴാണ് ഓഫ് ലൈൻ ക്ലാസുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. ഇതിനിടെ അധ്യാപകരുടെ പ്രശ്‌നങ്ങളും വന്നതോടെ പഠനം അവതാളത്തിലായി .നിലവിൽ പ്രിലിംസ് കേന്ദ്രീകരിച്ച് മാത്രമാണ് ക്ലാസുകൾ നടക്കുന്നതെന്നും മെയിൻ കേന്ദ്രീകരിച്ച് ക്ലാസുകൾ ലഭിച്ചില്ലെന്നും പരാതികളുണ്ട്. ഒരു വർഷത്തെ കോഴ്‌സിന് അരലക്ഷം രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ അതിനുസരിച്ചുള്ള പഠനമോ സൗകര്യങ്ങളോ വിദ്യാർത്ഥികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരത്തിൽ അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും തങ്ങളുടെ സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് വിലങ്ങ് തടിയാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് ഡയറക്ടർ ഉൾപ്പെടെ പരിഹാരം ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മികവിൽ നിന്ന് താഴോട്ട്:

സംസ്ഥാനസർക്കാരിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരള (സി.സി.ഇ.കെ.)യുടെ നിയന്ത്രണത്തിലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പ്രവർത്തിക്കുന്നത്. 2005ൽ തുടങ്ങിയ സ്ഥാപനം ഒന്നാം റാങ്കുൾപ്പെടെ വൻ വിജയങ്ങൾ ആദ്യ ഘട്ടത്തിൽ കേരളത്തിലെത്തിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ക്രമേണ സ്വജനപക്ഷപാതത്തിന്റെയും പിടിപ്പുകേടിന്റെയും താവളമായി അക്കാദമി മാറുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ചില വ്യക്തികളുടെ സ്വാർഥതാത്പര്യം സ്ഥാപനത്തിന്റെ മോശം പ്രകടനത്തിനു കാരണമാകുന്നുവെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു.യോഗ്യതയില്ലാത്തവരും അക്കാദമിക് പിൻബലമില്ലാത്തവരും പലപ്പോഴും ഇന്റർവ്യൂ പരിശീലനം വരെ നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.എന്നാൽ സിവിൽ സർവീസ് മേഖലയിൽ കഴിവ് തെളിയിച്ചവരെ പരീക്ഷയിലുടെയും ഇന്റർവ്യൂയിലൂടെയുമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും യോഗ്യതയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ആരോപണങ്ങൾ അടിസ്ഥാനരഹിതവുമാണെന്നാണ് അക്കാദമിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

Related posts

Leave a Comment